
മൂവാറ്റുപുഴ: പടക്കങ്ങളും വിഷു അധിഷ്‌ഠിതമായ മറ്റു ഉത്‌പന്നങ്ങളുമായി ജില്ലയുടെ കിഴക്കൻമേഖല ഉത്സവലഹരിയിൽ. ചൈനീസ് പടക്കത്തിനാണ് കൂടുതൽ ഡിമാൻഡ്. വിഷുവിന് സദ്യയൊരുക്കി വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന സദ്യാലയങ്ങളും സജീവം.
പായസ കച്ചവടവും ഉഷാറാണ്. പായസം ഓർഡർ നൽകി വാങ്ങുന്ന രീതിയാണ് ഗ്രാമപ്രദേശങ്ങളിലടക്കം ഇപ്പോഴുള്ളത്. ചെലവ് നോക്കുമ്പോൾ ലാഭവും അതാണെന്ന് പായസപ്രിയർ പറയുന്നു. വിഷുക്കൈനീട്ടം പോലെ വിഷുകോടി വാങ്ങലും സജീവമായിട്ടുണ്ട്. തുണികടകളിലെല്ലാം വൻ തിരക്ക് അനുഭവപ്പെട്ടു.
പല ക്ലബ്ബുകളും സമുദായ സംഘടനകളും വിഷുക്കണിയൊരുക്കി പുലർച്ചെ വീടുകളിലെത്തി വീട്ടുകാരെ വിളിച്ചുണർത്തി കണികാണിക്കുന്ന രീതി വ്യാപകമായിട്ടുണ്ട്.
പൈങ്ങോട്ടൂർ കണിവെള്ളരി
പൈങ്ങോട്ടൂർ കണിവെള്ളരിയാണ് വിപണിയിലെ താരം. കൊന്നപ്പൂക്കൾ ചെറുകെട്ടുകളാക്കി നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം കച്ചവടക്കാരും സജീവമാണ്. കൊവിഡ് നിയന്ത്രണങ്ങളില്ലെന്നതും ഇക്കുറി വിഷുവിന്റെ ആവേശം ഉയർത്തിയിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പലവിധ ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ സാംസ്ക്കാരിക സമ്മേളനവും കലാപരിപാടികളുമുണ്ട്.