p
ഈ പിൻതുണയിൽ മോൾക്ക് ചിരിക്കാം...സുഖമില്ലാത്ത അച്ഛന്റെ ചികിത്സയ്ക്കും കുടുംബം പുലർത്താനുമായി കാഴ്ചയില്ലാത്ത അമ്മയുമായി എറണാകുളം പള്ളൂരുത്തിയിലെ റോഡരുകിലെ പെട്ടിക്കടയിൽ അച്ചാറ് വിൽക്കുന്ന നാലാം ക്ലാസുകാരിയുടെ വാർത്ത കേരളകൗമുദിയിലൂടെ അറിഞ്ഞ് സഹായ വാഗ്ദാനവുമായി ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കൾ എത്തിയപ്പോൾ. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. കെ.എ. അൻഷാദ്, പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ്, സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം. റിയാദ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എസ്. സുനീഷ് , കൊച്ചി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അമൽ സണ്ണി, അംഗങ്ങളായ സാജോസ്, ആദർശ് എന്നിവർ. ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്

ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വമെത്തി, വീട് നിർമ്മാണം വേഗത്തിലാക്കും

കൊച്ചി: ഈ വിഷുപ്പുലരി ഡൈനീഷ്യയ്ക്ക് പൊൻപ്രഭാതമാണ്. ഇന്നലെ കിട്ടിയ സ്നേഹനിമിഷങ്ങൾ വരുംകാലത്തിനുള്ള ഈടുവയ്പും. 'കൊറേപ്പേര് അച്ചാറൊക്കെ വാങ്ങിച്ചു...ഒരുപാട് പേര് വിളിക്കുന്നു... വേറേ കൊറച്ചുപേര് വിഷുക്കൈനീട്ടോം ചെറിയ സഹായങ്ങളുമൊക്കെ തന്നു. എല്ലാത്തിനും കാരണം കേരളകൗമുദിയാണ്. നന്ദി പറയാൻ എനിക്കറിയില്ല..." നിഷ്‌കളങ്കമായ ചിരിയോടെ ഡൈനീഷ്യ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞുതൂവി. സഹായ വാഗ്ദാനവുമായെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളുടെയും നാട്ടുകാരുടെയും കണ്ണുകളും ഈറനണിഞ്ഞു.

രോഗിയായ അച്ഛനും അന്ധയായ അമ്മയ്ക്കും തുണയാകാൻ അച്ചാർ വില്പനയ്ക്കിറങ്ങിയ പള്ളുരുത്തിയിലെ നാലാംക്ളാസുകാരിയെത്തേടി ഇന്നലെ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വമെത്തിയിരുന്നു. 'ഈ ഉന്തുവണ്ടിയിലുണ്ട് നാലാംക്ലാസുകാരിയുടെ ജീവിതപാഠം' എന്ന തലക്കെട്ടിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയ്ക്കുപിന്നാലെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും എ.എ. റഹീം എം.പിയും കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു.

ഡൈനീഷ്യയുടെ പഠനം ഏറ്റെടുക്കുന്നുവെന്നും വീട് നിർമ്മിച്ച് നൽകാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ.എ. അൻഷാദും പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസും പറഞ്ഞു. കുട്ടിയുടെ വീടും ജീവിതചുറ്റുപാടുകളും കണ്ടറിഞ്ഞു. പിതാവ് യേശുദാസുമായും മാതാവ് ജെസിയുമായും സംസാരിച്ചു. അടുത്ത അദ്ധ്യയനവർഷം മുതൽ ഡൈനീഷ്യയുടെ പഠനത്തിന്റെ ഉത്തരവാദിത്വം ഡി.വൈ.എഫ്.ഐ നോക്കുമെന്നും അവർ വ്യക്തമാക്കി.

ആറ് അവകാശികളുള്ള ഒന്നരസെന്റ് ഭൂമിയിലെ വീടിന്റെ ചെറിയൊരു മുറിയിലാണ് ഡൈനീഷ്യയുടെയും മാതാപിതാക്കളുടെയും ജീവിതം. വീട് നിർമ്മിക്കണമെങ്കിൽ വേറെ സ്ഥലംവേണം. അത് സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ഡി.വൈ.എഫ്.ഐ.

ഡൈനീഷ്യയുടെ പക്കൽനിന്ന് അച്ചാറും വാങ്ങിയാണ് സംഘം മടങ്ങിയത്. സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം. റിയാദ്, വാർഡ് കൗൺസിലർ ജോഷി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എസ്. സുനീഷ്, കൊച്ചി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അമൽ സണ്ണി, അംഗങ്ങളായ സാൻജോസ്, ആദർശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഡൈനീഷ്യയുടെ അമ്മയുടെ പേരിലുള്ള അക്കൗണ്ട് നമ്പർ: 617202120000127
IFSC: UBIN0561720 ഫോൺനമ്പർ: 7025417964.