തൃക്കാക്കര: ഉപതിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ തൃക്കാക്കര നഗരസഭാ ഭരണം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാവുന്നു. കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിനിടെയുണ്ടായ സംഘർഷമാണ് അവസാന സംഭവം. കൂടാതെ അഞ്ചോളം വിജിലൻസ് കേസുകളാണ് രണ്ടു വർഷമെത്തിയ ഭരണസമിതിക്കെതിരെ നിലനിൽക്കുന്നത്. ഇതിനിടെ കോൺഗ്രസിലെ തന്നെ ഒരുവിഭാഗം നഗരസഭാ ചെയർപേഴ്സനും കോൺഗ്രസ് നേതാവിനുമെതിരെ രംഗത്തെത്തി. നഗരസഭയ്ക്കകത്തെ സംഭവ വികാസങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശിക കോൺഗ്രസ് നേതാക്കൾ കെ.പി.സി.സി. നേതൃത്വത്തിന് കത്തു നൽകി.
തൃക്കാക്കരയിലെ വിഷയം ചർച്ചചെയ്യാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിർദേശ പ്രകാരം അടുത്തയാഴ്ച തൃക്കാക്കരയിലെ പ്രധാന നേതാക്കളുമായി ഡി.സി.സി ചർച്ച നടത്തും. ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് അജിത തങ്കപ്പനെ മാറ്റണമെന്ന നിലപാടിലാണ് ഒരു വിഭാഗം യു.ഡി.എഫ് കൗൺസിലർമാർക്കുളളത്. കെ. സുധാകരനും അനൗദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയതായി നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാർക്ക് മിനിറ്റ്സ് നൽകാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയ വിഷയത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ നിലപാടിനെതിരെ യു.ഡി.എഫ് കൗണ്സിലർമാർ പലർക്കും പ്രത്യക്ഷമായി തന്നെ എതിർപ്പ് നിലനിൽക്കുന്നുണ്ട്.
കൗൺസിലർക്കെതിരെ
വ്യാപക നോട്ടീസ്
തൃക്കാക്കര നഗരസഭാ ഭരണത്തിൽ അതൃപ്തി പ്രവർത്തകരിലേക്കും എത്തുന്നതിന്റെ പ്രതീകമായി തൃക്കാക്കര വെസ്റ്റിലെ പ്രമുഖ കോൺഗ്രസ് നേതാവും കൗൺസിലറുമായ ആൾക്കെതിരെ "തൃക്കാക്കരയിൽ കോൺഗ്രസിനെ വിറ്റു തിന്നുന്ന നേതാവ് " എന്ന തലക്കെട്ടോടെ നോട്ടീസ് വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ രാവിലെ തൃക്കാക്കര നഗരസഭാ പ്രദേശത്തെ ഇടതുവലത് മുന്നണികളുടെ പാർട്ടി ഓഫീസുകളിലും,വായനശാല,പടിഞ്ഞാറൻ മേഖലയിലെ ചില വീടുകൾ എന്നിവിടങ്ങളിൽ നോട്ടീസുകൾ എത്തി.