കൊച്ചി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ (ഡി.ആർ.ഡി.ഒ) വനിതാ ദിനാഘോഷങ്ങൾ കൊച്ചിയിൽ സംഘടിപ്പിച്ചു. ഡി.ആർ.ഡി.ഒയുടെ രാജ്യത്തെ 52 ലാബോറട്ടറികളിലെ പ്രതിനിധികൾ 'ശക്തി' എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷത്തിൽ പങ്കെടുത്തു. ഡി.ആർ.ഡി.ഒയുടെ കീഴിലെ നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ)യാണ് പരിപാടികൾക്ക് ആതിഥ്യം വഹിച്ചത്.
കേരളത്തിലെ മുൻ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലും സംസ്ഥാന ബാലാവകാശ കമ്മിഷണന്റെ മുൻ ചെയർപേഴ്‌സണുമായിരുന്ന ശോഭ കോശി ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡി.ആർ.ഡി.ഒയുടെ ചെയർമാനുമായ ഡോ. ജി. സതീഷ് റെഢി, എൻ.പി.ഒ.എൽ ഡയറക്ടർ എസ്. വിജയൻ പിള്ള, മുതിർന്ന ശാസ്ത്രജ്ഞ എം. രമാദേവി, ഡോ. രാജേശ്വരി നരേന്ദ്രൻ, നാവികസേനയിലെ ലെഫ്‌നന്റ് കമാൻഡർ ജാനറ്റ് മരിയ ഫിലിപ്പ്, അദ്ധ്യാപികയും വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫറുമായ ഡോ. അപർണ പുരുഷോത്തമൻ, ഫിസിയോതെറാപ്പിസ്റ്റും ഫിറ്റ്‌നസ് പരിശീലകയുമായ റിനി വിബിൻ എന്നിവർ പ്രസംഗിച്ചു. ഡി.ആർ.ഡി.ഒ യിലെ വനിതാ ശാസ്ത്രജ്ഞർ രചിച്ച സാങ്കേതിക ലേഖനങ്ങളുടെ സമാഹാരത്തിന്റെ പ്രകാശനവും സമ്മാന വിതരണവും ചെയർമാൻ ഡോ. സതീഷ് റെഢി നിർവഹിച്ചു.