വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ സബ്‌സെന്ററുകൾ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളായി ഉയർത്തുന്നതിന് വകയിരുത്തിയ ഫണ്ടുകൾ തദ്ദേശസ്ഥാപനങ്ങളെ ഏൽപ്പിക്കും. ഈ പ്രവൃത്തികളുടെ കരാർ ഏറ്റെടുത്ത സ്ഥാപനം ഒഴിവായ സാഹചര്യത്തിലാണ് നടപടി. ആരോഗ്യകേന്ദ്രങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ അതത് സ്ഥാപനമേധാവികളുടെ മേൽനോട്ടത്തിൽ വേണമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർദ്ദേശിച്ചു. താലൂക്ക് ആശുപത്രി, സാമൂഹ്യ കുടുംബാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു എം.എൽ.എ.
ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ഒ.പി കെട്ടിടത്തിന്റെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവൃത്തികൾ പൂർത്തിയാകുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 5.9കോടി രൂപയുടെ ജിഡ പദ്ധതിയാണ് അന്തിമഘട്ടത്തിലെത്തിയത്. ലേബർ റൂമിന്റെ പ്രവൃത്തികൾ തീർത്തിട്ടുണ്ട്. കിഫ്ബി, എം.എൽ.എ ഫണ്ടിൽ 1.75കോടി രൂപ ചെലവിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിന് നടപടികളായി.
നായരമ്പലം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ജൂലായിൽ പൂർത്തിയാകും. 37.5ലക്ഷം രൂപ ചെലവിൽ മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നത് നവംബറിനുമുമ്പ് പൂർത്തിയാക്കുമെന്ന് നിർവഹണ സ്ഥാപനമായ എച്ച്.എൽ.എൽ പ്രതിനിധി ഉറപ്പുനൽകി. 67 ലക്ഷംരൂപ ചെലവിൽ മാലിപ്പുറം സബ്‌സെന്ററിന്റെ പ്രവൃത്തി വർക്ക് ഓർഡർ ലഭിച്ച് ഒൻപതുമാസത്തിനകം തീർക്കും.
പുതുവൈപ്പ് പ്രാഥമികാരോഗ്യകേന്ദ്രം ഒന്നരക്കോടിരൂപ ചെലവിൽ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്ന പ്രവൃത്തിയുടെ എഴുപത് ശതമാനവും പൂർത്തീകരിച്ചതായി മെഡിക്കൽ ഓഫീസർ അറിയിച്ചു. അഡീഷണൽ ഡി.എം.ഒ ഡോ. വിവേക്‌കുമാർ,ദേശീയാരോഗ്യദൗത്യം ജില്ലാ മാനേജർ ഡോ. സജിത്‌ജോൺ, ആർദ്രം അഡീഷണൽ നോഡൽ ഓഫീസർ ഡോ. നിഖിലേഷ്‌മേനോൻ, നവകേരള കർമ്മപദ്ധതി നോഡൽ ഓഫീസർ ഡോ. രോഹിണി, എൻ.എച്ച്.എം കൺസൽട്ടന്റ് എൻജിനീയർ ജയ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.