കൊച്ചി: സീറ്റ് നിലനിർത്തുമെന്ന നിശ്ചയദാർഡ്യത്തോടെ എൻ.ഡി.എ, കൈവിട്ടുപോയ ഡിവിഷൻ പിടിച്ചെടുക്കാനായി യു.ഡി.എഫ്. അനുയോജ്യയായ സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ എൽ.ഡി.എഫ്. മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം സൗത്ത് ഡിവിഷനിലെ (62)നിലവിലെ അവസ്ഥ ഇതാണ്. മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ. എസ്. മേനോനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ഉദ്യോഗസ്ഥയായ അനിതവാര്യരാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. സി.പി.ഐയുടെ സീറ്റാണിത്. നിഷ്പക്ഷ വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന പൊതുസ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് എൽ.ഡി.എഫിന്റെ ശ്രമം. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സി.പി.ഐ വൃത്തങ്ങൾ അറിയിച്ചു. സൗത്ത് ഡിവിഷൻ

കൗൺസിലർ മിനി ആർ. മേനോന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 ആത്മവിശ്വാസത്തോടെ ബി.ജെ.പി

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട പത്മജ എസ്. മേനോൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ടി.ജെ. വിനോദിനേക്കാൾ ഈ ഡിവിഷനിൽ 200 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ട്രേഡ്‌യൂണിയൻ നേതാവായിരുന്ന എസ്.സി.എസ്. മേനോന്റെയും ആരോഗ്യവകുപ്പ് മേധാവിയായ ഡോ. വിജയലക്ഷ്‌മിയുടെയും ഏക മകളായ പത്മജ രവിപുരംകാരിയാണ്. സെന്റ് തെരേസാസ് സ്കൂളിലും കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കേരള യൂണിവേഴ്സിറ്റിയുടെ ആദ്യ ചെയർപേഴ്സണായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മാസങ്ങൾക്ക് മുമ്പ് ഇവർ ഡിവിഷനിൽ സജീവമായിരുന്നു. 271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മിനി. ആർ.മേനോൻ കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് അധികം കഴിയുംമുമ്പ് അവർ കാൻസർ ബാധിതയായി. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു മരണം.

 ഭരണത്തിൽ കണ്ണുംനട്ട്

യു.ഡി.എഫ്

40 വർഷത്തോളം യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന സൗത്ത് ഡിവിഷൻ കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു. മുൻ ഡെപ്യൂട്ടി മേയർ ബി.ഭദ്ര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പി കൃഷ്‌ണകുമാർ തുടങ്ങിയവർ ഈ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. . പൊതുവേ മുന്നാക്ക വിഭാഗക്കാർക്കാർക്കാണ് ഇവിടെ മേൽക്കൈ. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരാണ് വോട്ടർമാരിൽ അധികം പേരും. രാഷ്ട്രിയമെന്നതിലുപരി കുടുംബക്കാർ തമ്മിലുള്ള മത്സരമാണ് പലപ്പോഴും അരങ്ങേറുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർത്ഥിയുടെ കുടുംബ പശ്ചാത്തലത്തിന് നിർണ്ണായക പ്രാധാന്യമുണ്ട്. രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും സി.എസ്.എം.എൽ ഉദ്യോഗസ്ഥയെന്ന നിലയിൽ അനിത വാര്യർ നഗരത്തിലെ വികസനപ്രശ്നങ്ങളെ കുറിച്ച് അറിവുണ്ട്. ഭർത്താവ് രഞ്ജിത്‌ വാര്യർ ചാർട്ടേഡ് അക്കൗണ്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനും എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ ട്രഷററും ആണ്.

 നിലവിലെ കക്ഷിനില

ആകെ ഡിവിഷനുകൾ : 74

നിലവിൽ : 73

എൽ.ഡി.എഫ് : 37

യു.ഡി.എഫ്: 32

ബി.ജെ.പി : 4