
കൊച്ചി: സഹകരണ സംഘം ഭരണസമിതിയംഗങ്ങളെ അയോഗ്യരാക്കാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഫുൾബെഞ്ചിന്റേതയാണ് വിധി.
വായ്‌പാ കുടിശികയുടെ പേരിൽ തന്നെ അയോഗ്യയാക്കിയതിനെതിരെ കൊല്ലം പെരുമ്പുഴ പുനകന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം ജലജ ഗോപൻ നൽകിയ അപ്പീലിലാണ് വിധി.
ഭരണസമിതി തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരുമാസത്തിനകം നൽകുന്ന പരാതിയിൽ ആർബിട്രേഷൻ കോടതിക്ക് സഹകരണ നിയമപ്രകാരം അയോഗ്യത തീരുമാനിക്കാം. എന്നാൽ ഈ വ്യവസ്ഥ അംഗങ്ങളെ അയോഗ്യരാക്കാൻ സഹകരണ രജിസ്ട്രാർക്കുള്ള അധികാരം ഇല്ലാതാക്കില്ലെന്നു ഫുൾബെഞ്ച് വ്യക്തമാക്കി. ഭരണസമിതിയംഗത്തിന് കുടിശ്ശിക അടയ്ക്കാൻ ഒരുമാസത്തെ സാവകാശം നൽകി നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ. സമയപരിധിക്കുള്ളിൽ അടച്ചില്ലെങ്കിൽ സഹകരണ ചട്ടത്തിലെ സെക്ഷൻ 42 (2) (സി) പ്രകാരം അയോഗ്യനാക്കാൻ രജിസ്ട്രാർക്കാണ് അധികാരം. സമയപരിധിക്കു ശേഷം കുടിശിക അടച്ചാലും അയോഗ്യത നിലനിൽക്കുമെന്ന ഫുൾബെഞ്ചിന്റെ അഭിപ്രായത്തോടു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വിയോജിച്ചെങ്കിലും മറ്റു ജഡ്ജിമാർ ഇതംഗീകരിച്ച നിലയ്ക്ക് വിധി നിലനിൽക്കും. കുടിശ്ശിക വ്യക്തമാക്കി ഭരണസമിതിയംഗത്തിന് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ കർശനമായി പാലിക്കണമെന്നും തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് നൽകിയ നോട്ടീസ് ഇതിനു പകരമാവില്ലെന്നും ഫുൾബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.