p
തന്റെ പ്രേരണയാൽ മദ്യപാനവും പുകവലിയും നിർത്തിയ കളമശേരി സ്വദേശിനി കുമാരിയ്‌ക്കൊപ്പം ജോസ്, ഫോട്ടോ: എൻ.ആർ.സുധർമ്മദാസ്

കൊച്ചി:വെ​ള്ളം​ ​സി​നി​മ​യി​ലെ​ ​മു​ര​ളി​യെ​ക്കാ​ൾ​ ​ക​ഷ്ട​മാ​യി​രു​ന്നു, ക​ള​മ​ശേ​രി​ ​ഇ​ല​ഞ്ഞി​ക്ക​ൽ​ ​ഇ.​വി.​ ​ജോ​സി​ന്റെ​ ​അ​വ​സ്ഥ​ ​.​ ​പ​തി​ന​ഞ്ചാം​ ​വ​യ​സി​ൽ​ ​തു​ട​ങ്ങി​യ​താ​ണ് ​മ​ദ്യ​പാ​നം.​ ​വീ​ടും​ ​സ്ഥ​ല​വും​ ​വി​റ്റ് ​കു​ടി​ച്ചു.​ ​ക​ട​ത്തി​ണ്ണ​ക​ളി​ൽ​ ​അ​ന്തി​യു​റ​ങ്ങി.​ ​ഭാ​ര്യ​ ​ഉ​പേ​ക്ഷി​ച്ചു.​ ​മ​ക​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.​ ​എ​ന്നി​ട്ടും​ ​നി​റു​ത്താ​ത്ത​ ​കു​ടി.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​അ​ദ്ദേ​ഹം​ ​ജീ​വി​തം​ ​തി​രി​ച്ചു​പി​ടി​ച്ചു.​ ​ന​ന്മ​യു​ള്ള​ ​ഒ​രു​പ​റ്റം​ ​മ​നു​ഷ്യ​ർ​ ​സ​മ്മാ​നി​ച്ച​ ​ര​ണ്ടാം​ ​ജ​ന്മ​മാ​ണ് ​ജോ​സി​ന്റേ​ത്.

പത്താം ക്ളാസിൽ പഠനം നിറുത്തി ആക്രിക്കച്ചവടം, കണ്ടെയ്നർ പായ്ക്കിംഗ് തുടങ്ങി പല ജോലികൾ ചെയ്തു. അതിനിടെ ഒപ്പംകൂടിയ മദ്യപാനം വിവാഹശേഷവും തുടർന്നപ്പോൾ ഭാര്യയും ബന്ധുക്കളും ആശുപത്രികളിലും മാനസികാരോഗ്യകേന്ദ്രങ്ങളിലും കൊണ്ടുപോയി. ഫലമുണ്ടായില്ല. സഹികെട്ട് ഭാര്യ മകനുമായി വീടുവിട്ട് വേറെ വിവാഹം കഴിച്ചു.

സ്വന്തമായി സമ്പാദിച്ചതും ഓഹരി കിട്ടിയതുമായ 35 സെന്റിലേറെ സ്ഥലവും 50സെന്റ് പാടവും രണ്ട് വീടുകളുമാണ് വിറ്റു കുടിച്ചത്, കൂട്ടുകാരെയും കുടിപ്പിച്ചു. പണത്തിനായി കൂലിത്തല്ലിനുമിറങ്ങി. ജോലികൾ ഓരോന്നായി നഷ്ടപ്പെട്ട് പണമില്ലാതായപ്പോൾ കൂട്ടുകാരും കൈവിട്ടു.

വിഷാദരോഗിയായ മകൻ ആത്മഹത്യ ചെയ്തപ്പോഴും ജോസ് കുടി നിറുത്തിയില്ല. കാലിന് പരിക്കേറ്റ് അവശനിലയിലായ ജോസിനെ ദേവസി എന്ന സുഹൃത്ത് 2005ൽ കോട്ടയത്തെ ധ്യാനകേന്ദ്രത്തിൽ എത്തിച്ചു. ചിട്ടകളും പ്രാർത്ഥനകളും ജോസിനെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചു. മദ്യപാനം ഉപേക്ഷിച്ചു. കൂലിപ്പണിക്ക് പോയി. ആക്രിക്കച്ചവടം പുനരാരംഭിച്ചു. റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെ വീടും സമ്പത്തും സ്വന്തമാക്കി. പി.ഡബ്ലിയു.ഡി കരാറുകാരനാണിപ്പോൾ ജോസ്.

ജൂലിയെത്തി ജീവിതം പുഷ്പിച്ചു
സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി 2014ൽ ജൂലിയെന്ന കോഴിക്കോട്ടുകാരിയെ വിവാഹം ചെയ്തു.

ഉറ്റവരെല്ലാം എതിർത്തിട്ടും ജൂലി ജോസിനെ പൂർണമനസോടെയാണ് സ്വീകരിച്ചത്. വിവാഹമോചിതയായിരുന്ന ജൂലി ഒൻപതുകാരി മകൾ ലിയയ്ക്കൊപ്പമാണ് ജോസിന്റെ ജീവിതത്തിലേക്കെത്തിയത്. അന്നുതൊട്ട് പരസ്പരം തുണയായി...പ്ലസ് ടു വിദ്യാർത്ഥിനിയായ ലിയയുടെ ബെസ്റ്റ് ഫ്രണ്ടും ജോസ് തന്നെ. അങ്ങനെ ഇലഞ്ഞിക്കൽ വീട് ഇലഞ്ഞിപ്പൂമണമൊഴുകുന്ന ഒരു കൊച്ചു സ്വർഗ്ഗമായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹെഡ്നഴ്സാണ് ജൂലി.


മറ്റുള്ളവർക്കും പുതുജീവനേകി
കുടി നിറുത്തിയമുതൽ മദ്യവിമുക്തി പ്രവർത്തനങ്ങളിലും സജീവമാണ് ജോസ്. കളമശ്ശേരി സ്വദേശിയായ 52കാരി കുമാരി, ജോസിനെ കാണുമ്പോൾ കൈകൂപ്പും. മദ്യത്തിനും പുകവലിക്കും അടിമയായിരുന്ന കുമാരിയെ അതിൽനിന്നു രക്ഷിച്ചത്‌ ജോസാണ്. ഇങ്ങനെ, നിരവധിപേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട്.

''മദ്യപാനം ജീവിതത്തെ ഇല്ലാതാക്കും. ഒരിക്കൽ പെട്ടുപോയാൽ തിരിച്ചുവരാൻ പറ്റണമെന്നില്ല''.
ഇ.വി. ജോസ്