പറവൂർ: ചെമ്മീൻ കെട്ടുകളുടെ കാലാവധി ഈമാസം 30വരെ നീട്ടിയതോടെ പൊക്കാളിക്കൃഷി വൈകുമെന്ന ആശങ്കയിലാണ് കർഷകർ. ഏപ്രിൽ 15 വരെയാണ് ചെമ്മീൻകൃഷിക്കുള്ള സമയം. ഇതിനുശേഷം പൊക്കാളി നെൽക്കൃഷിക്കായി ഒരുക്കങ്ങൾ ആരംഭിക്കേണ്ടതാണ്. കാലാവസ്ഥാ വ്യതിയാനവും ഒമിക്രോൺ സാഹചര്യവും പരിഗണിച്ചാണ് മത്സ്യംപിടിക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊടുത്തതെന്ന് മത്സ്യബന്ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സർക്കാരിൽ സ്വാധീനംചെലുത്തി കാലാവധി വീണ്ടും നീട്ടിവാങ്ങി പൊക്കാളി കൃഷിയിറക്കാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്ന് നെൽകർഷകർ പറയുന്നു.

പാടശേഖരങ്ങളിലെ വെള്ളംവറ്റിച്ച്, നിലമുണക്കി, ചിറബലപ്പെടുത്തി, കിളയും തോടുകീറലുമൊക്കെ കഴിഞ്ഞ് നിലം ഒരുക്കേണ്ടതാണ്. മേയ് ആദ്യനാളുകളിലെ വേനൽമഴയിൽ മണ്ണിന്റെ ഉപ്പുകളഞ്ഞ്, വിത്തെറിയാൻ പാകത്തിൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ചെമ്മീൻ വിളവെടുപ്പിനുശേഷം പൊക്കാളിക്കൃഷി നഷ്ടമാണെന്ന് പറഞ്ഞ് കഴിഞ്ഞവർഷം കൃഷിയിറക്കിയില്ല. പഞ്ചായത്തും കൃഷിവകുപ്പും പല ആനുകൂല്യങ്ങളും നൽകിയിട്ടും നെൽക്കൃഷിയിറക്കാൻ ചില കർഷകർ തയ്യാറായില്ല.

ഏപ്രിലിൽത്തന്നെ കൃഷിക്കുവേണ്ട ഒരുക്കങ്ങൾ തുടങ്ങണമെന്ന് ജില്ലാകളക്ടർ നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് സർക്കാർതലത്തിൽ കാലാവധി ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കോട്ടുവള്ളി പഞ്ചായത്തിലെ എട്ട്പൊക്കാളി പാടശേഖര സമിതികളും കൃഷിയോഗ്യമായ എല്ലായിടത്തും പൊക്കാളിക്കൃഷി ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കർഷകസംഘടനകൾ എന്നിവരും പൊക്കാളിക്കൃഷിയിൽ താത്പര്യവുമായി രംഗത്തുണ്ട്.