accident

മൂവാറ്റുപുഴ: മലയാറ്റൂർ തീർത്ഥാടകരുടെ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് എം.സി. റോഡിൽ തൃക്കളത്തൂർ സംഗമം പടിയിലുണ്ടായ അപകടത്തിൽ ഏറ്റുമാനൂർ അതിരുമ്പുഴ നിരപ്പേൽ വീട്ടിൽ ദേവസ്യയുടെ മകൻ സനീഷ് (29) ആണ് മരിച്ചത്. കാണക്കാരി പുതിയാപറമ്പിൽ അഖിൽ ജോസ് (24), കാണക്കാരി നിരപ്പേൽ ഗീതുമോൾ (24), അതിരുമ്പുഴ നിരപ്പേൽ ജിൽമോൾ (28) എന്നിവർക്കാണ് പരിക്ക്. ജിൽമോളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

മൂവാറ്റുപുഴയിൽ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ബസ്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാർ യാത്രികർ. തകർന്ന കാറിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് സംഘമാണ് പുറത്തെടുത്തത്. സനീഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു.

അപകടത്തെ തുടർന്ന് എം.സി.റോഡിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. സനീഷിന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ.