ആലുവ: വികസന പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യത്തിനൊപ്പം ആലുവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് അഡ്വ. ജെബി മേത്തർ എം.പി പറഞ്ഞു. അപ്രതീക്ഷിതമായി രാജ്യസഭയിലേക്കെത്തിയതിനാൽ പ്രഥമ പരിഗണന നൽകേണ്ട വിഷയത്തെക്കുറിച്ച് പഠിച്ചിട്ടില്ല. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വരുന്ന ആറുവർഷത്തെ അവസരം ഉപയോഗപ്പെടുത്തുമെന്നും ജെബി മേത്തർ പറഞ്ഞു. ആലുവ മീഡിയ ക്ലബ്ബ് നൽകിയ സ്വീകരണത്തിനുശേഷം നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകും. വിലക്കയറ്റം പിടിച്ചുനിറുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ഇന്ധനവില ഉയരുന്നതിനൊപ്പം അവശ്യസാധനങ്ങളുടെ വിലയും ഉയരുകയാണ്. ഇത് സാധാരണക്കാരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുകയാണ്. വിലക്കയറ്റം ചർച്ചചെയ്യണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. അതിനാൽ എം.പിയായി സത്യപ്രതിജ്ഞചെയ്ത ദിവസംതന്നെ നടുത്തളത്തിൽ ഇറങ്ങേണ്ടിവന്നു. മണ്ണെണ്ണ വില ഒറ്റയടിക്ക് 21 രൂപയാണ് വർദ്ധിപ്പിച്ചത്. ആലുവ മീഡിയ ക്ലബ്ബ് എം.പിക്ക് ഉപഹാരം നൽകി. ക്ലബ്ബ് പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. സുബിൻ, ട്രഷറർ എസ്.എ. രാജൻ എന്നിവർ സംസാരിച്ചു.