നെടുമ്പാശേരി: വിദേശത്തേക്ക് പോകാൻ വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുണ്ടാക്കിയ യുവാവും സഹായിയായ വിമാനത്താവള ജീവനക്കാരനും പിടിയിലായി. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറാണ് വിമാനത്താവളത്തിൽ പിടിയിലായത്.

അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ആർടി.പി.സി.ആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ കൗണ്ടറിലെത്തിയ ഇയാൾ മൊബൈലിൽനിന്ന് സർട്ടിഫിക്കറ്റിന്റെ കോപ്പി നഷ്ടമായെന്നാണ് ആദ്യം പറഞ്ഞത്. അങ്ങനെയെങ്കിൽ യാത്രാനുമതി നൽകാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കിയപ്പോൾ ഏതാനും സമയത്തിന് ശേഷം ഇയാൾ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി എത്തി. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിലെ സ്വകാര്യ ഏജൻസിയിലെ ജീവനക്കാരനായ ഭരത് ആണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് തെളിഞ്ഞത്. 2000 രൂപ വാങ്ങിയാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഭരതും പിടിയിലാകുകയായിരുന്നു. പ്രതികളെ നെടുമ്പാശേരി പൊലീസിന് കൈമാറി.