ആലുവ: കർഷകർക്ക് വിഷുക്കൈനീട്ടമായി കീഴ്മാട് പഞ്ചായത്തിലെ പ്രധാനജല സ്രോതസായ തുമ്പിച്ചാൽ - ചാലയ്ക്കൽ തോടിന്റെ ശുചീകരണം ആരംഭിച്ചു. ഓപ്പറേഷൻ വാഹിനി പദ്ധതി പ്രകാരം തൊഴിലുറപ്പ് തൊഴിലാളികളെയും ജെ.സി.ബിയും ഉപയോഗിച്ചാണ് ശുചീകരണം നടക്കുന്നത്.
പ്രദേശത്തെ കർഷകരുടെ നിരന്തരമായുള്ള ആവശ്യമാണ് തോട് നവീകരണം. കാലാവർഷത്തിന് മുമ്പ് തോടുകളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുകയും തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ, ചെളി, മണ്ണ് എന്നിവ നീക്കം ചെയ്ത് തോടുകളുടെ വെള്ളം ഉൾക്കൊള്ളാവുന്ന പരമാവധി ശേഷി വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം. തുമ്പിച്ചാൽ, വട്ടച്ചാൽ, ചാലക്കൽ പാടശേഖരങ്ങളിലൂടെ പെരിയാറിലേക്ക് പോകുന്ന തോട് പുല്ലും കാടും കയറിയ നിലയിലായിരുന്നു. 12 അടിയോളം വീതിയുള്ള തോട് പലയിടങ്ങളിലും ഇടിഞ്ഞ് പുല്ലും കാടും കയറി. മണ്ണിടിഞ്ഞതിനാലും തോടിന്റെ ഇരുവശങ്ങളിലും വലിയ ഞാങ്ങണകളും പുല്ലും കയറിയതിനാലും തോട് ചെറുതായി. അതിനാൽ വെള്ളം ഒഴുക്കില്ലാതെ കെട്ടികിടക്കുകയാണ്.
നേരത്തെ മഴക്കാലത്ത് പെരിയാർ നിറഞ്ഞാൽ മാത്രമേ വെള്ളം കയറി പാടശേഖരങ്ങൾ മുങ്ങാറുണ്ടായിരുന്നുള്ളു. വാരിക്കാട്ട് കുടി, ഇരുമ്പായി, പൊങ്ങംവേലി തുടങ്ങിയിടങ്ങളിൽ കൂടി പെരിയാറിലേക്ക് പോകുന്ന തുമ്പിച്ചാൽ ചാലയ്ക്കൽതോട് നന്നാക്കാത്തതിനാൽ മഴക്കാലത്തും പാടശേഖരങ്ങൾ വെള്ളത്തിലാകുന്ന അവസ്ഥയാണ്. തോട്ടിലെ വെള്ളം ഒഴുക്ക് തടസപ്പെട്ടതിനാലാണ് പാടശേഖരങ്ങളിൽ പെട്ടെന്ന് വെള്ളം കയറുന്നതെന്ന് കർഷകർ പറയുന്നു. നല്ല താഴ്ചയുള്ള തോടിൽ മണ്ണും ചെളിയും മാറ്റിയുള്ള ഒരു പ്രവർത്തിയും ഇതുവരെ നടത്തിയിട്ടില്ല. വെള്ളക്കെട്ട് മൂലം കർഷകരുടെ ഏക്കർ കണക്കിന് വാഴയും കപ്പയുമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നശിച്ചത്.
തോട് ശുചീകരണം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.ആർ. രജീഷ് അദ്ധ്യക്ഷത വഹിച്ചു. എൽസി ജോസഫ്, ഹിത ജയകുമാർ, ഷീജ പുളിക്കൽ, സൗജത്ത് ജലീൽ എന്നിവർ സംസാരിച്ചു.