m-leelavathy

കൊച്ചി: സാറാ ജോസഫിന്റെ നോവൽ 'ബുധിനി' ലോകം മുഴുവൻ അറിയപ്പെടേണ്ട കൃതിയാണെന്നും അങ്ങനെ സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും ഡോ.എം. ലീലാവതി പറഞ്ഞു. ഗുരുവായൂരപ്പൻ ട്രസ്റ്റി​ന്റെ 2021ലെ ഓടക്കുഴൽ അവാർഡ് സാറാ ജോസഫിന് സമ്മാനിക്കുകയായിരുന്നു അവർ.

പല കാരണത്താലും നോവൽ ശ്രദ്ധേയമാണ്. അതിൽ പ്രധാനം നോവലിലെ ഒരു കഥാപാത്രം ജവഹർലാൽ നെഹ്‌റുവാണ് എന്നതാണ്. മറ്റൊന്ന് ഇന്നും ജാർഖണ്ഡി​ൽ ജീവിച്ചിരിക്കുന്ന ഗോത്രവനിത ബുധിനിയാണ്. സംഭവങ്ങൾ സത്യസന്ധമായി പ്രതിപാദിക്കുക മാത്രമല്ല, കഥാനായിക അനുഭവിച്ച രാക്ഷസീയ പീഡനങ്ങൾ അതേപടി നോവലിൽ പ്രതി​പാദിക്കുന്നുമുണ്ട് - ലീലാവതി​ പറഞ്ഞു.

30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാ‌ർഡ്. മഹാകവി ജി സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഡോ.ഇ.വി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യുവസാഹിത്യ നിരൂപകൻ രാഹുൽ രാമചന്ദ്രൻ നോവൽ പരിചയപ്പെടുത്തി. കെ.വി. പ്രസന്നകുമാർ പ്രസംഗിച്ചു.

 ഒടുവിലത്തെ അവാർഡ് ദാനം

ഓടക്കുഴൽ സമ്മാനവിതരണ ചടങ്ങിലെ തന്റെ അവസാന സാന്നിദ്ധ്യമാണ് ഇതെന്ന് ട്രസ്റ്റ് അദ്ധ്യക്ഷ ഡോ.എം. ലീലാവതി​.

അടുത്ത ഫെബ്രുവരിയിൽ ജീവിച്ചിരുന്നാലും തന്റെ അനാരോഗ്യം പ്രകടിപ്പിക്കാൻ പൊതുവേദിയിൽ വരില്ലെന്നും അവർ പറഞ്ഞു.