കളമശേരി: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സ്കൂൾ ഭരണ സമിതിക്ക് അടുത്ത അദ്ധ്യയന വർഷത്തേക്ക് പുതിയ കുട്ടികൾക്ക് പ്രവേശനം കൊടുക്കണമെങ്കിലും നിലവിലുള്ള കുട്ടികളുടെ പoനം തുടരണമെങ്കിലും ഫാക്ട് മാനേജ്മെന്റ് അന്തിമ തീരുമാനം പറയണം.

കേന്ദ്രീയ വിദ്യാലയം ഏറ്റെടുക്കുമെന്ന ഉറപ്പ് നൽകിയിട്ടുമില്ല. കെ.വിയുടെ എറണാകുളം റീജണൽ ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് കമ്മിഷണർ, സി.പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥർ, പ്രിൻസിപ്പൽമാർ എന്നിവരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് സൗകര്യങ്ങൾ പരിശോധിച്ച് വിലയിരുത്തി റിപ്പോർട്ട് ഉടനെ നൽകിയില്ലെങ്കിൽ മെയ് മാസം മുതൽ ആരംഭിക്കാനുള്ള പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനം ത്രിശങ്കുവിലാകും.

കേന്ദ്രീയ വിദ്യാലയത്തിൽ നിലവിലെ കുട്ടികളെ എടുക്കുമ്പോൾ സ്റ്റേറ്റ് സിലബസ് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് സി.ബി.എസ്.ഇയിലേക്കുള്ള മാറ്റം അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ എങ്ങനെ നേരിടും എന്നതും പ്രശ്നമാണ്. 1 മുതൽ 4 വരെയുള്ളവർ സി.ബി.എസ്.ഇ സിലബസായതിനാൽ പ്രശ്നമില്ല. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. 22 അദ്ധ്യാപകരും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. സ്കൂൾ ഭരണ സമിതിയ്ക്കും മാനസിക സമ്മർദ്ദത്തിലാണ്.