പറവൂർ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ചിറ്റാറ്റുകര കണ്ണമ്പുഴ വർഗീസിന്റേയും മേഴ്സിയുടേയും മകൻ സഞ്ജു (30) മരിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ കൊച്ചാൽ നാലാംമൈലിലാണ് അപകടം. പറവൂരിൽ നിന്ന് വരാപ്പുഴ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന സഞ്ജു സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കവേ എതിർദിശയിൽവന്ന പിക്കപ്പ് വാനിൽതട്ടി നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഞ്ജു സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വെൽഡിംഗ് തൊഴിലാളിയാണ്. സഞ്ജുവിന്റെ ചിറ്റാറ്റുകരയിലെ വീടുംസ്ഥലവും ദേശീയപാത വികസനത്തിനായി ഏറ്റെടുത്തിരുന്നു. വടക്കേക്കര ചക്കുമരശ്ശേരി ഭാഗത്ത് പുതിയ വീടിന്റെ നിർമാണം പൂർത്തിയാക്കി അടുത്ത ദിവസം താമസം തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംസ്കാരം നടത്തി. സഹോദരൻ : സിഞ്ജു.