കൊച്ചി: തെരുവിൽ കഴിയുന്നവരും മനുഷ്യരാണെന്നും അവരെ സംരക്ഷിക്കാനുള്ള കടമയും ബാദ്ധ്യതയും സമൂഹത്തിനുണ്ടെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും അഗതികൾക്കും വിഷുദിനത്തിൽ വിഭവസമൃദ്ധമായ സദ്യയും പുതുവസ്ത്രവും കൈനീട്ടവും നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫ. എം.കെ. സാനു നേതൃത്വം നൽകുന്ന ഫെയ്‌സ് ഫൗണ്ടേഷൻ ദിവസവും നൽകി വരുന്ന സൗജന്യ ഉച്ചഭക്ഷണത്തിനെത്തുന്നവരും തെരുവിൽ കഴിയുന്നവരുമടക്കം ഇരുന്നൂറോളം പേർ വിഷുസദ്യയിൽ പങ്കെടുക്കാനെത്തി. സദ്യക്കെത്തിയവർക്കെല്ലാം പുതുവസ്ത്രങ്ങളും വിഷുക്കൈനീട്ടവും നൽകി.

വിഷുദിനാഘോഷ പരിപാടികൾ സാനുമാഷ് ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് പ്രസിഡന്റ് ടി.ആർ. ദേവൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം മെഡിക്കൽ സെന്റർ സി.എം.ഡി ഡോ. ടി.വി. രവി മുഖ്യാഥിതിയായിരുന്നു. ഡോ. ടി.വി. ഗീത വിഷുക്കൈനീട്ടവും പുതു വസ്ത്രങ്ങളും നൽകി. ഫെയ്‌സ് സെക്രട്ടറി സുഭാഷ് ആർ. മേനോൻ. വൈസ് പ്രസിഡന്റ് ഡോ. ടി. വിനയകുമാർ, ട്രസ്റ്റിമാരായ ആർ. ഗിരീഷ് , യു.എസ്. കുട്ടി, രത്‌നമ്മ വിജയൻ, പി.സി. സാമുവൽ, രാജേഷ് തില്ലങ്കേരി എന്നിവർ നേതൃത്വം നൽകി.