chekdam

മൂവാറ്റുപുഴ : റാക്കാട് - കായനാട് ചെക്ക് ഡാം ഷട്ടർ സംവിധാനത്തോടുകൂടിയ റെഗുലേറ്റർ - കം - ബ്രിഡ്ജായി പുന:ർനിർമ്മിക്കുന്നതിനാവശ്യമായ രൂപരേഖ തയ്യാറാക്കണമെന്ന് ആവശ്യം. തുടർ നടപടി പൂർത്തികരിച്ച് ചെക്ക് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറെ താമസിയാതെ ആരംഭിക്കും.

ഡാമിനുമുകൾ ഭാഗത്ത് പുഴയുടെ വശങ്ങളിൽ എക്കൽ അടിഞ്ഞ് പുഴ ഒരു കനാലിന്റെ ആകൃതിയിലേയ്ക്ക് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ രൂപമാറ്റം മൂലം മൂവാറ്റുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും പ്രളയഭീഷണിയിലാണ്. ചെക്ക് ഡാമിനുമുകളിലേയ്ക്കുള്ള പുഴയുടെ ഇരുഭാഗത്തേയും എക്കൽ പൂർണ്ണമായി നീക്കം ചെയ്യണം.

ഇവിടെ അടിഞ്ഞു കൂടിയിട്ടുള്ളതും നീക്കം ചെയ്യപ്പെടേണ്ടതുമായ എക്കലിന്റെ കണക്കെടുപ്പ് അടിയന്തരമായി നടത്തണം. തുടർന്ന് ഇത് നീക്കംചെയ്യാവുന്നത് സംബന്ധിച്ച പഠനവും നടത്തണം.

ജില്ലാ ഭരണകൂടം വഴി നടപ്പാക്കുന്ന 'ഓപ്പറേഷൻ വാഹിനി' പദ്ധതിപ്രകാരം, മൂവാറ്റുപുഴയാറിന്റെ കൈവഴിതോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ മൂവാറ്റുപുഴ നഗരസഭയടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്നുണ്ട്. മൂവാറ്റുപുഴയാറിൽ ഇപ്പോൾ അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ നീക്കം ചെയ്യപ്പെടുന്നതോടൊപ്പം തുടർന്ന് ഇൗ പ്രതിഭാസം വീണ്ടും ആവർത്തിക്കപ്പെടാതിരിക്കുവാനുള്ള രീതിയിലാകണം എക്കൽ നീക്കം ചെയ്യേണ്ടത്

മുവാറ്റുപുഴയാറിന്റെ ഇന്നത്തെ അവസ്ഥ കണക്കിലെടുത്തുവേണം റാക്കാട് - കായനാട് ചെക്ക് ഡാം ഷട്ടർ സംവിധാനത്തോടുകൂടിയ റെഗുലേറ്റർ - കം - ബ്രിഡ്ജായി പുനനിർമ്മിക്കുന്നതിനാവശ്യമായ രൂപരേഖയുടെ നിർമ്മാണം വേഗത്തിലാക്കണമെന്ന് പൊതുപ്രവർത്തകനായ പ്രമോദ് കുമാർ മംഗലത്ത് പറഞ്ഞു.