v

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും നാളെ അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാൻ ഇരുവർക്കും വീണ്ടും നോട്ടീസ് നൽകി. മുമ്പും നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകാതെ വീട്ടിൽനിന്ന് മാറിനിൽക്കുകയായിരുന്നു. തുടർനടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇരുവരും ഹാജരാകാൻ സന്നദ്ധത അറിയിച്ചത്.

വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയും സൈബർ വിദഗ്ദ്ധനുമായ സായ് ശങ്കറിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യും. ദിലീപിന്റെ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കാവ്യാമാധവനെ ചോദ്യം ചെയ്യുന്നതിൽ ഇന്നലെയും തീരുമാനമായില്ല.

 റിപ്പോർട്ട് ഇന്ന്?
നടിയെ ആക്രമിച്ച കേസിലെ അന്വേഷണപുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിച്ചേക്കും. ഈമാസം 18നകം റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.