vd-satheesan

കൊച്ചി: സംസ്ഥാന പൊലീസിൽ എസ്.ഡി.പി.ഐയും ആ‌‌ർ.എസ്.എസും നുഴഞ്ഞുകയറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാദ്ധ്യമ പ്രവ‌ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിൽ കയറിക്കൂടിയ വ‌ർഗീയശക്തികൾ വിവരങ്ങൾ ചോ‌ർ‌ത്തുന്നു. ഇടുക്കിയിലെ സംഭവം ഉദാഹരണം.

സി.പി.ഐ നേതാക്കളായ ഡി. രാജയും ആനി രാജയും ഇക്കാര്യം നേരത്തെ പ‌റഞ്ഞിരുന്നു. അന്ന് ഇരുവർക്കും വിമ‌ർശനം ഏൽക്കേണ്ടിവന്നു. വർഗീയശക്തികളുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം.

സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനം ദയനീയമായി പരാജയപ്പെട്ടു. പാലക്കാട്ടെ കൊലപാതകങ്ങൾ ആസൂത്രിത ഗൂഢാലോചനയ്ക്കുശേഷം നടത്തിയവയാണ്. ഇത് മുൻകൂട്ടി അറിയുന്നതിൽ വീഴ്ച്ചയുണ്ടായി. ആലപ്പുഴയിലേതിന് സമാനമായ സംഭവമാണ് പാലക്കാട്ടുണ്ടായത്.

വർഗീയ ശക്തികളെ നേരിടുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണ്. പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയും. രണ്ടുകൂട്ടരുടെയും നിലനിൽപ്പ് പരസ്പരമുള്ള അക്രമങ്ങളെ ആശ്രയിച്ചാണ്.

കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ യു.ഡി.എഫ് ശക്തമായ കാമ്പയിൻ നടത്തുമെന്നും സതീശൻ പറഞ്ഞു.