കൊച്ചി: നഗരത്തിൽ ഓടിക്കൊണ്ടിക്കുന്ന ബൈക്കിന് തീപിടിച്ചു. ബൈക്ക് ഓടിച്ചിരുന്ന തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി ലിയോൺ ക്രിസ്റ്റി പെട്ടെന്ന് വാഹനം പാർക്ക് ചെയ്ത് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് പൂർണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ 11.30-ാടെ മേനകയിലാണ് സംഭവം. എറണാകുളം ക്ലബ്ബ് റോഡിൽ നിന്ന് ഫയ‌ർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ലിയോൺ. ഈ സമയം അടിഭാഗത്ത് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ സൈഡിലേക്ക് ഒതുക്കി പാർക്ക് ചെയ്തു. നിമിഷങ്ങൾക്കകം വാഹനത്തിൽ തീ പടർന്നു. ക്ലബ്ബ് റോഡ് ഫയ‌ർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസ‌ർ ജെ. രാധാകൃഷ്ണൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസ‌ർ വിമൽ കുമാ‌ർ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.