
കൊച്ചി: പരീക്ഷകളെ സന്തോഷകരമായി നേരിടാനും കുട്ടികളെ പഠിപ്പിക്കണമെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ പറഞ്ഞു. തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ളിക് സ്കൂളിൽ പ്രീസ്കൂൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ വിദ്യാർത്ഥികൾക്ക് തോൽവിയെ ഭയമാണ്. എല്ലായ്പ്പോഴും ജീവിതത്തിൽ വിജയം മാത്രം ഉണ്ടാകില്ല. പല കുട്ടികൾക്കും തോൽവിയെ നേരിടാൻ ധൈര്യമില്ല. ഒരു തോൽവി കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് അവരെ മനസിലാക്കി കൊടുക്കണം. വിദ്യാർത്ഥികളെ പ്രതിസന്ധികൾ നേരിടാൻ പഠിപ്പിക്കണം. ആത്മവിശ്വാസം വളർത്തി തോൽവിയെ വിജയത്തിലേക്ക് നയിക്കാനാകണം. അതിനാണ് അദ്ധ്യാപകരും ഉൗന്നൽ നൽകേണ്ടതെന്ന് ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ പറഞ്ഞു.
യോഗത്തിൽ ശ്രീനാരായണ വിദ്യാപീഠം പ്രസിഡന്റ് കെ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എം.കെ.സാനു, വ്യവസായ വകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ എൻ.വിമലൻ, വിദ്യാപീഠം ഡയറക്ടർമാരായ വി.കെ.കൃഷ്ണൻ, വി.കെ.പ്രഭാകരൻ, ഗോപീദാസ്, വിദ്യാപീഠം മാനേജർ എം.എൻ.ദിവാകരൻ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രമാ സന്തോഷ്, കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ.സുനിൽകുമാർ, കൗൺസിലർമാരായ വള്ളി മുരളീധരൻ, രാധികാ വർമ്മ, പി.ടി.എ പ്രസിഡന്റ് അഡ്വ.സനിൽ കുഞ്ഞച്ചൻ, വിദ്യാപീഠം വൈസ് പ്രസിഡന്റ് ആർ.കെ.ഗോപി, പ്രിൻസിപ്പൽ രാഖി പ്രിൻസ് സ്വാഗതവും ശ്രീനാരായണ വിദ്യാപീഠം ട്രഷറർ കെ.എൻ.അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു.