മൂവാറ്റുപുഴ: ഇഷ്ട മരം ഫൗണ്ടേഷന്റെ ഇഷ്ട മരം ചലഞ്ച് രണ്ടാം വയസിലേക്ക്. കഴിഞ്ഞ ഏപ്രിൽ 17 നാണ് വിവാഹവേദിയിൽ വധുവരന്മാരെ കൊണ്ട് മരം നടീച്ചു കൊണ്ടാണ് ഇഷ്ടമരം ചലഞ്ചിന് തുടക്കം കുറിച്ചത്. ജന്മദിനം,വിവാഹം, വിവാഹ വാർഷികം കൂടാതെ (മാതൃദിനം, പരിസ്ഥിതിദിനം തുടങ്ങിയവ) അതാത് മേഖലയിൽ പ്രവർത്തിക്കുന്നവരോടും വിശേഷ ദിവസം ഇഷ്ട മരം നട്ട് ഫോട്ടോ എടുത്ത് 9747232744 എന്ന നമ്പറിൽ അയച്ചു നൽകുന്നതാണ് രീതി. ആയിരത്തി അറുനൂറിൽപരം ഇഷ്ട മരം നടുന്ന ഫോട്ടോ ലഭിച്ചു. അയക്കുന്ന ഫോട്ടോ അതാത് ദിവസം ആശംസയും നന്ദിയും പറഞ്ഞ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യും.

ഈ വർഷം 2022 - 23 വർഷത്തിൽ 2023 ഇഷ്ടമരം നടുന്നതിനുള്ള ശ്രമത്തിലാണ്. 2023 മരത്തിലെ ഒന്നാമത്തെ ഇഷ്ട മരം നട്ട് കൊണ്ട് എ.എം. അരീഫ് എം.പി ഉദ്ഘാടനം ചെയ്തു. ഇഷ്ട മരം ഫൗണ്ടേഷൻ സ്ഥാപകൻ ബാബു തട്ടാർകുന്നേൽ കൈമാറിയ പ്ലാവിൻ തൈ എം.പിയുടെ ഓഫീസ് വളപ്പിൽ നട്ട് കൊണ്ട് ഇഷ്ട മരം ചലഞ്ചിൽ ഭാഗമാകുകയും എല്ലാവരുടെടെയും ഇത്തരം വിശേഷ ദിവസങ്ങളിൽ ഒരു വൃക്ഷത്തൈയെങ്കിലും നട്ട് ഈ പദ്ധതി വിജയിപ്പിക്കണമെന്നും ആരിഫ് എം.പി നിർദ്ദേശിക്കുകയും ചെയ്തു.