കളമശേരി: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഇന്നലെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഫാക്ട് സി.എം.ഡി എന്നിവർക്ക് പോസ്റ്റ് കാർഡിലെഴുതിയ കത്തുകൾ അയച്ചു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ മൂന്നുഭാഷകളിലായാണ് കത്തയച്ചത്. 9-ാം ക്ലാസുകാർക്ക് അടുത്ത മാസം മുതൽ ക്ലാസ് തുടങ്ങാനുള്ളതാണ്. യൂണിഫോം, പുസ്തകം, ഫീസ് തുടങ്ങിയവ അടയ്ക്കണമെങ്കിൽ അടുത്ത അദ്ധ്യയനവർഷം തുടരുമെന്ന ഉറപ്പു കിട്ടണം. സ്റ്റേറ്റ് സിലബസ് പഠിച്ചവർ അതനുസരിച്ചുള്ള വിദ്യാലയം നോക്കണം. അദ്ധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുന്ന ആശങ്കയിലാണ്. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് 100 കണക്കിന് കത്തുകളാണ് ഇന്നലെ അയച്ചത്.