നെടുമ്പാശേരി: അത്താണിമുതൽ ചുങ്കംകവലവരെ 1970ന് മുമ്പുള്ള സർവേപ്രകാരം പുറമ്പോക്ക് കണ്ടെത്തി റോഡ് വികസിപ്പിക്കും. അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആലുവ പാലസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ചെങ്ങമനാട് സ്വദേശി രാജി ആന്റണി തേയ്ക്കാനത്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയത്തെുടർന്നാണ് പഴയ സർവേ പ്രകാരമായിരിക്കണം റോഡ് വികസിപ്പിക്കേണ്ടതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ടായത്.
ഇതേ റോഡിലെ പുത്തൻതോട്, ഗ്യാസ് ഏജൻസീസ് വളവുകളിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ എട്ടുപേർക്ക് ജീവഹാനി സംഭവിക്കുകയും നിരവധിപേർ അംഗവൈകല്യമടക്കമുള്ള ഗുരുതര പരിക്കുകൾക്കും ഇരയായി. ജനരോഷത്തെത്തുടർന്ന് പുത്തൻതോട്, ഗ്യാസ് വളവുകൾ നിവർത്താൻ സംസ്ഥാന ബഡ്ജറ്റിൽ 2.5കോടിരൂപ അനുവദിച്ചിരുന്നു. മാസങ്ങൾ നീണ്ട തർക്കങ്ങൾ പരിഹരിച്ച് കഴിഞ്ഞയാഴ്ച പുത്തൻതോട് കലുങ്കുമുതൽ സെന്റ് ആന്റണീസ് പള്ളിക്കവലവരെ 350 മീറ്റർ ദൂരത്തിൽ 10മീറ്റർ വീതിയിൽ വളവുകൾ നിവർത്താൻ പെതുമരാമത്ത് വകുപ്പ് നടപടിയാരംഭിച്ചിരുന്നു. തുടർനടപടി സ്വീകരിക്കുന്നതിനായി പാലസിൽ ചേർന്ന യോഗമാണ് ഹൈക്കോടതി നിർദ്ദേശം അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചത്.
നെടുമ്പാശേരി പഞ്ചായത്ത് പരിധിയിലെ അത്താണിമുതൽ ചെങ്ങമനാട് പഞ്ചായത്തിന്റെ പടിഞ്ഞാറൻ അതിർത്തിയായ ചുങ്കംകവലവരെയും തഹസിൽദാർ എം.എ. ഷറഫുദ്ദീനാണ് പുറമ്പോക്ക് കണ്ടത്തൊനുള്ള ചുമതല. ആദ്യഘട്ടം പുത്തൻതോട് മുതൽ ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾപ്പടിവരെയും തുടർന്ന് ഘട്ടംഘട്ടമായും പുറമ്പോക്ക് വീണ്ടെടുക്കും. പഴയ സർവേപ്രകാരം പുറമ്പോക്ക് കണ്ടെത്തിയ ശേഷമായിരിക്കും നിലവിലെ വളവ് നിവർത്താനുള്ള അലൈൻമെന്റിൽ മാറ്റംവരുത്തുന്ന കാര്യവും തീർപ്പാക്കുക.
യോഗത്തിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, ബ്ളോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഗോപി, തഹസിൽദാർ എം.എ. ഷറഫുദ്ദീൻ, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.ഐ. മുഹമ്മദ് ബഷീർ, അസി. എൻജിനീയർ ട്രീസ സെബാസ്റ്റ്യൻ, താലൂക്ക് സർവേയർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.