മൂവാറ്റുപുഴ: റംസാനെത്തിയതോടെ പഴവിപണിയിൽ വിലകുതിച്ചുയരുന്നു . രണ്ടാഴ്ചമുമ്പുവരെ 40രൂപയിൽ താഴെയുണ്ടായിരുന്ന ഏത്തക്കായ്ക്ക് 70 രൂപയായി ഉയർന്നു. ഞാലിപ്പൂവന്റെ വില 65ആയി. ചെറുനാരങ്ങയാണ് ഇക്കുറി വിലയിൽ മുന്നിൽ. ഒരുമാസംമുമ്പുവരെ 60 മുതൽ 80 രൂപവരെ വിലയുണ്ടായിരുന്ന നാരങ്ങയുടെ വില 200 കടന്ന് മുന്നേറുകയാണ്. 60 രൂപയുണ്ടായിരുന്ന ജൂസ് മുന്തിരി 90 രൂപയിലെത്തി. ഓറഞ്ചുവില നൂറിലെത്തി. മറ്റു പഴവർഗങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. 100 രൂപയായിരുന്ന ആപ്പിളിന്റെ വില 200 മുതൽ 240 വരെയായി ഉയർന്നു. മുസമ്പിവില 120 രൂപയിലെത്തി.
പപ്പായ 48, സപ്പോട്ട 90, മൂവാണ്ടൻ മാങ്ങ 70, പ്രിയൂർ 120, മാതളം 180, തണ്ണിമത്തൻ -കിരൺ 18, 22 എന്നിങ്ങനെയാണ് വില. എന്നാൽ കൂടുതൽ ഉത്പന്നം മാർക്കറ്റിൽ എത്തിയതോടെ ഷമാമിന്റെ വിലയിൽ മാറ്റമില്ല. 40 മുതൽ 50രൂപ വരെയാണ് വില. കഴിഞ്ഞ റംസാനിൽ കൊവിഡിന്റെ നിയന്ത്രണമുണ്ടായിരുന്നതിനാൽ പഴവിപണി മന്ദഗതിയിലായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണം മാറിയതോടെ പഴവിപണിയും സജീവമായി.