കൊച്ചി: പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശകമ്മിഷനിൽ പരാതി. കഴിഞ്ഞ ആഴ്ച പെയ്ത വേനൽമഴയിൽ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു. രമേശ്വരം – കൽവത്തി കനാലിൽ പലയിടത്തും കാടുകയറി ചെളി നിറഞ്ഞു കിടക്കുന്നതിനാൽ നീരൊഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. മട്ടാഞ്ചേരി മേഖലയിൽ കാനകളുടെ ശുചീകരണം മുടങ്ങിയതും പ്രശ്നം രൂക്ഷമാക്കി. നൂറിലധികം വീടുകളിൽ വെള്ളം കയറി. സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി കോടിക്കണക്കിന് രൂപ റോഡു നിർമ്മാണത്തിനായി ചെലവഴിച്ചെങ്കിലും കൃത്യമായ ഡ്രെയിനേജ് സംവിധാനം നടപ്പാക്കാത്തതാണ് വെള്ളക്കെട്ടിന് വഴിവച്ചതെന്ന് പരാതിക്കാരനായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു.