മൂവാറ്റുപുഴ: വ്യാപാരിയേയും തൊഴിലാളികളേയും കടയിൽ കയറി മർദ്ദിച്ചു. വാഴപ്പിള്ളി ഐ.ടി.ആർ ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന നിസാമുദ്ദീനാണ് മർദ്ദനമേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കടയ്ക്ക് സമീപത്തുവച്ച് പടക്കം പൊട്ടിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പച്ചക്കറിക്കടയിൽ സാധനങ്ങൾ വാങ്ങാൻ സ്ത്രീകളും കുട്ടികളുമടക്കം നിൽക്കുമ്പോഴാണ് സംഘം പടക്കം പൊട്ടിച്ചത്. കടക്കാരനും അടുത്ത കടയിലെ ആളുകളും പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ വാക്കുതർക്കമായി. രാത്രി മറ്റെല്ലാ കടകളും അടച്ചതോടെ തിരിച്ചെത്തിയ സംഘം നിസാമുദ്ദീനെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിസാമുദീനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമികളെ ഉടൻ അറസ്റ്റ്‌ചെയ്യണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, ജനറൽ സെക്രട്ടറി ഗോപകുമാർ കലൂർ, ട്രഷറർ കെഎം. ഷംസുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.