
തൃപ്പൂണിത്തുറ: മാർച്ച് 28, 29 തീയതികളിൽ നടന്ന പൊതുപണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ 16 ദിവസത്തെ ശമ്പളം പിടിക്കാനുള്ള ബി.പി.സി.എൽ കൊച്ചി റിഫൈനറി മാനേജ്മെന്റ് തീരുമാനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രഖ്യാപിച്ച സമരം ഒഴിവാക്കാൻ തൊഴിൽമന്ത്രി 27 ന് തിരുവനന്തപുരത്ത് ചർച്ച വിളിച്ചു.
ബി.പി.സി.എൽ മാനേജ്മെന്റ് പ്രതിനിധികളേയും യൂണിയൻ പ്രതിനിധികളേയുമാണ് യോഗത്തിൽ വിളിച്ചത്. ബി.പി.സി.എല്ലിൽ സമാധനപരമായ തൊഴിലന്തരീക്ഷം നിലനിറുത്താനാണ് മന്ത്രി യോഗം വിളിച്ചത്. യോഗം വിളിച്ച സാഹചര്യത്തിൽ തൊഴിലാളികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ നിറുത്തിവയ്ക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.