kalajadha
കലാജാഥയ്ക്ക് ആയവന പഞ്ചായത്തിൽ നൽകിയ സ്വീകരണത്തിൽ തീം സോംഗ് ആലപിച്ച പഞ്ചായത്ത് മെമ്പർ പി.കെ. അനീഷിനേയും മകൻ സായ് കൃഷ്ണയേയും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് ആദരിക്കുന്നു

മൂവാറ്റുപുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചാരണാർത്ഥം മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറേറ്റിന് കീഴിൽ നടത്തിയ കലാജാഥയ്ക്ക് കൃഷിമന്ത്രി പി. പ്രസാദിന്റെ അഭിനന്ദനം. കലാജാഥയിലെ സംഘാടനത്തിലെ മികവാണ് ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയത്. കലാജാഥയ്ക്കൊപ്പം വിത്തുവണ്ടി, ചാക്യാർകൂത്ത്, പ്രചാരണഗാനം, നാടൻപാട്ട്, ഫ്ലാഷ് മോബ് എന്നിവയും ഒരുക്കിയിരുന്നു.

മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിലെ ജോസ് സംഗീതം നൽകിയ തീംസോംഗും ആയവന എസ്.എൻ യു.പി.എസിലെയും നീറമ്പുഴ ഗവ. എൽ.പി സ്‌കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബും കൃഷിവകുപ്പിലെ താത്കാലിക ജീവനക്കാരായ റിജുമോൻ ദേവസ്യ, വിഷ്ണു ബിനോയ് എന്നിവർ അവതരിപ്പിച്ച ചാക്യാർകൂത്തും കൃഷിവകുപ്പ് ജീവനക്കാരി ബിനി മക്കാരിന്റെ നാടൻപാട്ടും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

കൃഷിഅസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, തീംസോംഗ് ആലപിച്ച ആയവന ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ. അനീഷ്, ആയവന എസ്.എൻ യു.പി.സ്‌കൂൾ അദ്ധ്യാപിക മഞ്ജു, നീറമ്പുഴ ഗവ.എൽ.പി സ്‌കൂൾ അദ്ധ്യാപിക മേഴ്‌സി എന്നിവരെയും മന്ത്രി ഫോണിൽവിളിച്ച് അഭിനന്ദിച്ചു. ജാഥാഅംഗങ്ങളേയും അഭിനന്ദിച്ചു.

നനുനനുനനു മഴപൊഴിയണ മലനിരകളിൽ നിറനിറയണ കുളിരെല്ലാം പോയില്ലേ പൂവാലൻകിളിയേ.....മേടപ്പൈങ്കിളിയെ...എന്ന് തുടങ്ങി ഞങ്ങളും കൃഷിയിലേയ്ക്ക്.............ഇനി ഞങ്ങളും കൃഷിയിലേയ്ക്ക്..............ഇനി നമ്മളും കൃഷിയിലേയ്ക്ക് എന്ന് അവസാനിക്കുന്ന തീം സോംഗാണ് കലാജാഥയിൽ ഏറെ ശ്രദ്ധേയമായത്. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിലെ ജോസ് സംഗീതവും സമീഷ് വിത്സൺ കാരക്കുന്നം ഓർക്കേസ്ട്രയും പഞ്ചായത്ത് മെമ്പർ പി.കെ. അനീഷിന്റെ നേതൃത്വത്തിൽ ജോസ് എയ്ഞ്ചൽ വോയ്‌സ്, മഞ്ജുമാത്യു, സ്മിത, അനിത, ജോൺ, സൗമ്യ എന്നിവരാണ് ആലാപനം. കച്ചേരിത്താഴത്ത് നിന്നാരംഭിച്ച കലാജാഥ കേരളത്തിന്റെ കാർഷികപൈതൃകം വിളിച്ചോതുന്നതായിരുന്നു. ബ്ലോക്കിന് കീഴിലുള്ള ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന, പായിപ്ര, വാളകം, മാറാടി, ആരക്കുഴ പഞ്ചായത്തുകളിൽ കലാജാഥ വിവിധ പരിപാടികൾ അവതരിപ്പിച്ചു.