ആലുവ: ആറ് കോടിയിലേറെ രൂപ ചെലവിൽ നിർമ്മിക്കുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമ്മാണം മുടങ്ങിയതിനെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി. എൽ.ഡി.എഫ് നേതാക്കൾ സ്റ്റാൻഡ് സന്ദർശിച്ച് എ.ടി.ഒയെ പ്രതിഷേധം അറിയിച്ചു.
നിർമ്മാണം പൂർത്തിയാക്കുന്ന കാര്യത്തിൽ അൻവർ സാദത്ത് എം.എൽ.എ അലംഭാവം കാട്ടുകയാണെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഒരുവർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു എംഎൽഎയുടെ വാഗ്ദാനം. എന്നാൽ മുന്നുവർഷം കഴിഞ്ഞിട്ടും നിർമ്മാണം പാതിവഴിയിലാണ്. കോടികളുടെ സാമ്പത്തികനഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഒരുകോടിയോളംരൂപ വാടക ലഭിച്ചിരുന്ന കെട്ടിടമാണ് പൊളിച്ചത്. മൂന്നുവർഷം പിന്നിട്ടതോടെ വാടക ഇനത്തിൽ മൂന്നുകോടി നഷ്ടമായി. മുൻവശം ഷീറ്റ് കെട്ടിമറച്ചാണ് ഇപ്പോൾ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിന് സൗകര്യമില്ല. വെയിലും മഴയും പൊടിശല്യവും അനുഭവിക്കുകയാണ്. സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്ത അവസ്ഥയാണ്. രാത്രിയായാൽ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായി.
ബസ്‌സ്റ്റാൻഡ്, മാർക്കറ്റ് പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അഴിമതി നടത്തുന്നതിനുള്ള അവസരമായി എം.എൽ.എയും സംഘവും ഉപയോഗിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. സ്റ്റാൻഡ് നിർമ്മാണം അനിശ്ചിതമായി നീളുന്നത് മുഖ്യമന്ത്രി, ഗതാഗതമന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ പറഞ്ഞു.
സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റിഅംഗം വി. സലിം, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ജില്ലാ കൗൺസിൽ അംഗം പി. നവകുമാരൻ, എൽ.ഡി.എഫ് നേതാക്കളായ അബ്ദുൾ ഖാദർ, സലിം എടത്തല, മുരളി പുത്തൻവേലി, പി.എസ്. അശോക്‌കുമാർ, പി.എം. സഹീർ, രാജീവ് സഖറിയ, ഹുസൈൻ കുന്നുകര, ശിവരാജ് കോമ്പാറ, അഫ്‌സൽ കുഞ്ഞുമോൻ, ഇ.എം. സലിം, പോൾ വർഗീസ് എന്നിവരും സ്ഥലം സന്ദർശിച്ചു.