11

തൃക്കാക്കര: 49 വർഷം മുമ്പ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന കേരളാ ടീമംഗം ബി.ദേവാനന്ദ് ഇടതു കാൽ ഇല്ലാതെ നാളെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി വിടും. ക്രിട്ടിക്കൽ ലിംഫ് ഇസ്കീമിയ ബാധിച്ചതിനെ തുട‌‌‌ർ‌ന്ന് ശനിയാഴ്ചയാണ് കാൽ മുട്ടിനുമുകളിൽ മുറിച്ചുനീക്കിയത്. സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന് മലപ്പുറത്ത് തുടക്കം കുറിക്കുന്ന ദിനത്തിൽ തന്നെയായിരുന്നു ഈ സങ്കടവാർത്ത.

രക്തത്തിൽ സോഡിയവും പൊട്ടാസ്യവും ഇടയ്ക്കിടെ കുറയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ മുതൽ സാധാരണ നിലയിലാണ് ആരോഗ്യസ്ഥിതി. ഒരാഴ്ചക്കുള്ളിൽ തുന്നിക്കെട്ടുകൾ നീക്കം ചെയ്യാനാകും. 2001ലാണ് രോഗബാധിതനായത്.

തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ഹീര റോയൽ ഫ്ളാറ്റിലാണ് ഭാര്യ ക്ഷമ ദേവാനന്ദും ഏകമകൻ നിഖിൽ ദേവും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.
സന്തോഷ് ട്രോഫി പ്ളെയേഴ്സ് വെൽഫെയർ അസോസിയേഷന്റെ 2000 രൂപയും ഇ.പി.എഫ് പെൻഷനായ 1500 രൂപയുമാണ് ദേവാനന്ദിന്റെ വരുമാനമാർഗ്ഗം. തുടർചികിത്സ അടക്കമുള്ളവ സർക്കാർ ഏറ്റെടുത്തേക്കും.
1973ലെ സന്തോഷ് ട്രോഫിയിൽ റെയിൽവേയെ 3-2ന് തോൽപ്പിച്ച് കപ്പുയർത്തിയ കേരളാ ടീമിലെ പ്രതിരോധ താരമായിരുന്നു ദേവാനന്ദ്.