കൊച്ചി: കോർപ്പറേഷനിലെ മാലിന്യനീക്കം അവതാളത്തിലായെന്ന് യു.ഡി. എഫ് ആരോപിച്ചു. നഗരത്തിന്റെ പല ഭാഗത്തും മാലിന്യം കുമിഞ്ഞുകൂടുകയാണ്. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഹീൽ പദ്ധതിയുടെ ഭാഗമായി കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കും ശുചീകരണത്തിനുമായി എല്ലാ ഡിവിഷനുകളിലേക്കും അഞ്ചു തൊഴിലാളികളെ വീതം കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. മാർച്ച് 31 ന് ഈ തൊഴിലാളികളുടെ കാലാവധി അവസാനിച്ചു. പുനർനിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 355 കരാർ തൊഴിലാളികൾ. അതേസമയം,​ എംപ്ലോയ്‌മെന്റിൽ നിന്നുള്ള 180 തൊഴിലാളികളുടെ നിയമനത്തിനായുള്ള ഫയൽ മേയറുടെ മേശപ്പുറത്തിരിക്കുകയാണ്. ഹെൽത്ത് സർക്കിളുകളിലെ ഒഴിവുകൾ നികത്തുന്നതിനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജീവനക്കാരെ നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാർലിമെന്ററി പാർട്ടി സെക്രട്ടറി എം. ജി. അരിസ്റ്റോട്ടിലും പറഞ്ഞു.