കൊച്ചി: എറണാകുളം നഗരപ്രദേശങ്ങളിലെ കായലുകളിൽ നിരന്തരം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് മത്സ്യസമ്പത്തിനും മത്സ്യതൊഴിലാളികൾക്കും ഭീഷണിയാകുന്നു. അടുത്തിടെ ഇരുമ്പനം, ചിത്രപ്പുഴ, കടമ്പ്രയാർ ജലാശയങ്ങളിലും മത്സ്യക്കുരുതി പതിവായി. ചമ്പക്കര കനാലിലേക്ക് ശക്തമായ മഴയുടെ മറവിൽ രാസമാലിന്യങ്ങൾ ഒഴുകിയെത്തുന്നതിനാൽ ഒരാഴ്ചയ്ക്കിടെ രണ്ട് തവണ മത്സ്യങ്ങൾ വൻതോതിൽ ചത്തുപൊങ്ങി.

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും മത്സ്യസമ്പത്തിനും ജലാശയങ്ങൾക്കും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ഇരുമ്പനം, ചിത്രപ്പുഴ, അമ്പലമേട് ജലാശയങ്ങളിൽ പലഭാഗവും മനുഷ്യർക്ക് ഇറങ്ങാൻ പോലും കഴിയാത്ത വിധം മലിനീകരിക്കപ്പെട്ടിട്ടുണ്ട്.

കിഴക്കൻ മേഖലകളിലെ വ്യവസായശാലകളിൽനിന്ന് വിഷലായനികൾ ശക്തമായ മഴയിൽ ഒഴുക്കിവിടുന്നതാണ് മത്സ്യങ്ങൾ മഴക്കാലത്ത് ചത്തുപൊങ്ങാൻ കാരണമെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. മഴക്കാലത്തിന് മുൻപ് ഇത്തരം വ്യവസായ സ്ഥാപനങ്ങളിൽ പരിശോധന നടത്തി വിഷജലം ഒഴുക്കാതിരിക്കാൻ കർശനനടപടികൾ സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

 വിനയായി പായൽ

വേമ്പനാട്ട് കായലിൽ വേനലിന് മുമ്പ് പായൽ നിറഞ്ഞതിനാൽ മത്സ്യത്തൊഴിലാളികൾ വലയുകയായിരുന്നു. മഴ ശക്തമായതിനെ തുടർന്ന് പായലുകൾ ചീഞ്ഞു താണെങ്കിലും കായലിന്റെ അടിത്തട്ടിൽ നിറയുകയാണ്. ഇവ തിന്നു തീർത്തിരുന്ന ഇനം മത്സ്യങ്ങളും മറ്റ് ജീവികളും ഇല്ലാതാകുന്നതിനാൽ അടിത്തട്ട് പായലുകളും പ്ളാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞു.

 എക്കലും പ്രതിസന്ധി

കായലിലെയും പരിസരത്തെയും നിർമ്മാണങ്ങളും പാലം പണികളും മൂലം വേമ്പനാട്ട് കായലിലെ തീരങ്ങളിൽ വ്യാപകമായ എക്കലടിഞ്ഞ് വള്ളം അടുപ്പിക്കുാനാവാത്ത അവസ്ഥയിലായതും തൊഴിലാളികളെ ദുരിതത്തിലാക്കുന്നുണ്ട്. കുമ്പളം പ്രദേശത്ത് ഡ്രഡ്ജിംഗ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികളൊന്നുമായിട്ടില്ല. ഡ്രെഡ്ജ് ചെയ്തെടുക്കുന്ന ചെളി നിക്ഷേപിക്കാൻ സ്ഥലവും തീരുമാനമായിട്ടില്ല.

 കടൽചൊറിയും തലവേദന

കടലിൽ നിന്നും ഓരുജലത്തിൽ എത്തിയ ചൊറി ശല്യം ഒരാഴ്ച മുമ്പ് വരെ അതിരൂക്ഷമായിരുന്നു. വലയിൽ കുടുങ്ങുന്ന ചൊറികൾ വലയും നശിപ്പിക്കും ചെറിച്ചിലുമുണ്ടാക്കും. ഒരാഴ്ചയായി ഇവയുടെ ശല്യം അൽപ്പം കുറഞ്ഞിട്ടുണ്ട്.

 നടപടി വേണം

ജലായശങ്ങളിലെ മാലിന്യങ്ങളും മത്സ്യക്കുരുതിയും ഒഴിവാക്കാൻ ജില്ലാ ഭരണ നേതൃത്വവും തദ്ദേശ സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണം. ഇതിനെതിരെ ഉടനെ പ്രക്ഷോഭം ആരംഭിക്കും.

പി.വി.രാമചന്ദ്രൻ

സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി