പള്ളുരുത്തി: വേനൽമഴയിൽ നഗരം കനത്ത വെള്ളക്കെട്ടിൽ. കോടികൾ മുടക്കി കാനയിലെയും തോടുകളിലും ചെളി നീക്കിയിട്ടും വെള്ളക്കെട്ടിന് പരിഹാരമാകുന്നില്ല. കായലിൽ അടിഞ്ഞിട്ടുള്ള ചെളിനീക്കം അടിയന്തരമായി കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ കൊണ്ടും സർക്കാർ ഇടപെട്ടും ചെയ്തില്ലെങ്കിൽ വരുന്ന മഴക്കാലം വെള്ളക്കെട്ടിൽ ദുരിതപൂർണ്ണമാകുമെന്ന മുന്നറിയിപ്പാണിത്. കഴിഞ്ഞദിവസം ഡി.പി വേൾഡിലേക്ക് വന്ന മദർഷിപ്പ് പോർട്ടിൽ അടുപ്പിക്കാൻ കഴിയാതിരുന്നത് കായൽത്തട്ടിൽ ചെളി അടിഞ്ഞത് കൊണ്ടാണ്. നാലു മണിക്കൂർ സമയത്തെ പരിശ്രമത്തിന് ശേഷമാണ് മദർഷിപ്പ് അടുപ്പിക്കാൻ സാധിച്ചത്. ഇത്തരത്തിൽ കായലിൽ അടിഞ്ഞിട്ടുള്ള ചെളി ഡ്രെഡ്ജ് ചെയ്തു നീക്കിയില്ലെങ്കിൽ വരുന്ന കാലവർഷം വളരെ ദുരിതപൂർണമായി തീരുമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ അഭിപ്രായപ്പെട്ടു.