മൂവാറ്റുപുഴ: എം.സി റോഡിന് ഉന്നക്കുപ്പയിൽ സംരക്ഷണഭിത്തിയില്ലാത്തതിനാൽ വാഹനയാത്രക്കാർ ഭീതിയിൽ. റോഡിന്റെ സൈഡ് ഇടിഞ്ഞു പ്രദേശമാകെ അപകടമേഖലയായി മാറിയെങ്കിലും അധികൃതർ മൗനത്തിലാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെ.എസ്.ടി.പി നിർമ്മിച്ച മൂവാറ്റുപുഴ - കോട്ടയം എം.സി റോഡിലെ ഈസ്റ്റ് മാറാടി ഉന്നക്കുപ്പയിലാണ് റോഡ് സൈഡ് ഇടിഞ്ഞിരിക്കുന്നത്. സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് റോഡുഭാഗം ഇടിയാൻ കാരണം. കയറ്റംകയറി എത്തുന്ന കൊടുംവളവിലാണ് റോഡ് ഇടിഞ്ഞിരിക്കുന്നത്. ഇവിടെ രണ്ട് ടാർ വീപ്പ വച്ച് പ്രശ്നം പരിഹരിച്ചിരിക്കുകയാണ് അധികൃതർ. കൊടുംവളവായതിനാൽ വാഹനങ്ങൾ വീപ്പ ഇടിച്ചിടുന്നത് പതിവ് കാഴ്ചയാണ്. മഴയത്ത് റോഡിന്റെ കൂടുതൽ ഭാഗം ഇടിയാനുള്ള സാദ്ധ്യത ഏറിയിരിക്കുകയാണ്. തിരക്കേറിയ റോഡിന്റെ ഈ ഭാഗത്ത് അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതോടൊപ്പം സംരക്ഷണഭിത്തിയും കെട്ടണമെന്ന ആവശ്യം ശക്തമായി.