കൊച്ചി: തകഴിയുടെ ചെമ്മീനെപ്പോലെ മനുഷ്യബന്ധങ്ങളെ കോർത്തിണക്കിയ കൃതി ഇന്ത്യൻ ഭാഷകളിൽ തന്നെ അപൂർവമാണെന്ന് ഡോ. എം. ലീലാവതി പറഞ്ഞു. തകഴി പുരസ്‌ക്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
തകഴിയെപ്പോലുള്ള മഹാരഥന്മാരുടെ പേരിലുള്ള അംഗീകാരങ്ങൾ തേടിയെത്തുന്നതാണ് സന്തോഷം. രാജ്യം കണ്ട ഏറ്റവും മികച്ച സാഹിത്യകാരനാണ് തകഴി. ചെറിയൊരു പുസ്തകമാണ് ചെമ്മീൻ. തകഴിയുടെ കൃതികളിൽ മഹത്തരവും ഇതുതന്നെ. അനന്യമായ ആഖ്യാന ശൈലിയാണ് ചെമ്മീനെ വേറിട്ടു നിറുത്തുന്നതെന്നും ലീലാവതി അഭിപ്രായപ്പെട്ടു.
കയർ പോലെ സങ്കീർണമായ ഒരു നോവൽ എഴുതണമെങ്കിൽ അസാധാരണമായ സ്മൃതിശക്തി വേണം. അനവധി കുടുംബങ്ങളിലെ കഥകൾ നാരുകളായി കൂട്ടിപ്പിരിച്ച് കമ്പക്കയറു പോലെ പിരിച്ചുണ്ടാക്കിയ നോവലാണ് കയർ. തകഴിയെക്കൊണ്ട് മാത്രമേ ഇത് സാധിക്കൂവെന്ന് ഡോ.ലീലാവതി പറഞ്ഞു.
ലീലാവതി ടീച്ചർക്ക് പകരമായി മലയാളത്തിൽ മറ്റൊരു വനിതാ നിരൂപകയില്ലെന്ന് പുരസ്കാരം സമ്മാനിച്ച തകഴി സ്മാരക സമിതി ചെയർമാനും മുൻ മന്ത്രിയുമായ ജി.സുധാകരൻ പറഞ്ഞു. സാമൂഹ്യ, സാഹിത്യ, ചരിത്രപരമായ വിമർശനങ്ങൾ നിർഭയമായി നടത്തിയ മറ്റൊരു വനിതയില്ല. തകഴിയോടും ഭാഷയോടും സാഹിത്യത്തോടും ചെയ്യുന്ന നീതിയാണ് ടീച്ചറോടുള്ള ഈ സ്നേഹവായ്പെന്ന് സുധാകരൻ പറഞ്ഞു.
50,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന തകഴി സ്മാരകസമിതിയുടെ പുരസ്‌കാരം തൃക്കാക്കരയിലെ ഡോ.ലീലാവതിയുടെ വീട്ടിലെത്തിയാണ് സമർപ്പിച്ചത്.
തകഴി സ്മാരക സമിതി വൈസ് ചെയർമാൻ പ്രൊഫ. ഗോപിനാഥ് പിള്ള അദ്ധ്യക്ഷത വഹിച്ചു. ലീലാവതി ടീച്ചറുടെ മകൻ എം. വിനയകുമാർ, സമിതി സെക്രട്ടറി കെ.ബി അജയകുമാർ, അംഗങ്ങളായ അലിയാർ എം. മാക്കിൽ, തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല തുടങ്ങിയവർ പങ്കെടുത്തു.