cm

സഹകരണ എക്‌സ്‌പോ 2022ന് കൊച്ചിയിൽ തുടക്കം

കൊച്ചി: സഹകരണ രംഗത്ത് കേരളത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങൾ വ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച സഹകരണ എക്‌സ്‌പോ 2022 ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സഹകരണ മേഖലയ്ക്കെതിരെ നിർഭാഗ്യകരമായ ചില നീക്കങ്ങൾ വിവിധ ഘട്ടങ്ങളിലുണ്ടായി. ഇതിനെതിരെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് കേരളത്തിലെ സഹകാരികൾ യോജിച്ചുനിന്നു ചെറുത്തതുകൊണ്ടാണ്. കേരളത്തിൽ മാറി വന്ന സർക്കാരുകൾ സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ സർക്കാരിനും അതേ നിലപാടുതന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമസ്ത മേഖലകളിലും കരുത്ത് തെളിയിച്ച് മുന്നേറുകയാണ് കേരളത്തിലെ സഹകരണ മേഖലയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മേഖല നിർണ്ണായക പങ്കു വഹിച്ചു. കുടുംബശ്രീ മുഖേന വായ്പകൾ അനുവദിച്ചു. കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുന്നതിനായി സംസ്ഥാനാടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾക്ക് ആരംഭിച്ചു. ഇത്തരത്തിൽ പ്രയാസവും പ്രതിസന്ധികളും നേരിടുന്നതിന് സഹായ ഹസ്തവുമായി ഓടിയെത്തുന്ന വിശ്വമാനവികതയുടെ സന്ദേശമുയർത്തുകയാണ് സഹകരണ മേഖലയെന്നും അദ്ദേഹം പറഞ്ഞു.

ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മന്ത്രി വി.എൻ. വാസവൻ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാറിന് നൽകി നിർവഹിച്ചു. ഡെയ്‌ലി ബുള്ളറ്റിൻ മന്ത്രി പി. രാജീവ്, ടി.ജെ വിനോദ് എംഎൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു.

എം.എൽ.എമാരായ കെ.എൻ ഉണ്ണികൃഷ്ണൻ, കെ.ജെ. മാക്‌സി, പി.എസി.എസ് അസോസിയേഷൻ പ്രസിഡന്റ് വി. ജോയ് എം.എൽ.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കളക്ടർ ജാഫർ മാലിക്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ യൂണിയൻ സംസ്ഥാന ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ, കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.