കൊച്ചി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2022ന് വർണാഭമായ തുടക്കം.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഒരുക്കിയ താളസാന്ദ്രമായ വിളബംരത്തോടെയാണ് എക്സ്പോയ്ക്കു തുടക്കമായത്. എക്സ്പോ പൂർണ അർത്ഥത്തിലും വ്യാപ്തിയിലും സംഘടിപ്പിക്കാൻ കഴിഞ്ഞെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മട്ടന്നൂർ ശങ്കരൻകുട്ടിയെ പൊന്നാട അണിയിച്ച് മന്ത്രി വി.എൻ. വാസവൻ ആദരിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു.

 210 സ്റ്റാളുകൾ; പ്രവേശനം സൗജന്യം

60,000 ചതുരശ്ര അടിയിൽ തീർത്ത സഹകരണ എക്സ്പോ പവലിയനിൽ 210 സ്റ്റാളുകളുണ്ട്. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളുമായി എക്‌സ്‌പോയിൽ എത്തിയിട്ടുണ്ട്. ദേശീയ, അന്തർദേശീയ തലത്തിൽ മികച്ച നേട്ടങ്ങൾ സൃഷ്ടിച്ച സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികൾ, നടത്തിവരുന്ന ജനകീയ പ്രവർത്തനങ്ങൾ എന്നിവയുടെ വിപുലമായ പരിചയപ്പെടുത്തൽ കൂടിയാണ് സഹകരണ എക്‌സ്‌പോ. 8,000 ചതുരശ്ര അടിയിൽ തീർത്ത ഫുഡ് കോർട്ടിൽ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. രാവിലെ 9.30 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം. ഡിസ്‌കൗണ്ട് നിരക്കിൽ സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാം. മേളയുടെ ഭാഗമായി ദിവസവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകൾ നടക്കും. ഓരോ മേഖലയിലെയും വിദഗ്ദ്ധരുടെ പ്രബന്ധാവതരണവും വിദഗ്ദ്ധ പാനലുകളുടെ വിശകലനങ്ങളുമുണ്ടാകും. 25 ന് എക്‌സ്‌പോ സമാപിക്കും. വിവിധ പുരസ്‌കാരങ്ങളുടെ വിതരണം സമാപന സമ്മേളനത്തിൽ നടക്കും. സ്റ്റീഫൻ ദേവസിയുടെ ലൈവ് ഷോയുമുണ്ടാകും.