കൊച്ചി: ഹജ് വളന്റിയർമാരെ തിരഞ്ഞെടുക്കുന്നതായി വാട്‌സ്ആപ്പ് വഴി വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ .മാഞ്ഞാലി സ്വദേശി ഷംസുദ്ദീൻ (70), എറണാകുളം സ്വദേശി അനു സാദത്ത് എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആളുകളെ വിദേശത്തേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഏജൻസിയാണ് ഇവർ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജോലിക്കു താത്പര്യമുള്ളവർ തിങ്കളാഴ്ച രാവിലെ പനമ്പള്ളി നഗറിൽ എത്താനായിരുന്നു സന്ദേശം. ഇതു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ അന്യ ജില്ലകളിൽ നിന്നുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. തിരക്കും ഗതാഗതക്കുരുക്കുമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. സന്ദേശം അംഗീകൃതമല്ലെന്നു വ്യക്തമായതോടെ ഷംസുദ്ദീനെ കസ്റ്റഡിയിലെടുത്തു. ജോലി തേടിയെത്തിയവരെ പൊലീസ് കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി തിരിച്ചയച്ചു. പ്രതികളെ റിമാൻഡ് ചെയ്തു