പുതിയ മാർക്കറ്റിന്റെ നിർമ്മാണം ഉടൻ തുടങ്ങും
കൊച്ചി: സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി എറണാകുളം ബ്രോഡ്‌വേയിലെ പുതിയ മാർക്കറ്റ് സമുച്ചയത്തിന്റെ പൈലിംഗ് ജോലികൾ ഉടൻ തുടങ്ങും. ഇതിന് മുന്നോടിയായി മണ്ണ് പരിശോധന, ടെസ്റ്റ് പൈലിംഗ് എന്നിവ പൂർത്തിയാക്കി. പുതിയ നിർമ്മിതിയുടെ രൂപരേഖയും തയ്യാറായി.
അത്യാധുനിക രീതിയിൽ മാർക്കറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി കച്ചവടസ്ഥാപനങ്ങൾ ജനുവരി അവസാനത്തോടെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. രണ്ടുവർഷത്തിനകം പുതിയ മാർക്കറ്റ് പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം.
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡാണ് (സി.എസ്.എം. എൽ) പദ്ധതിയുടെ നടത്തിപ്പുകാർ. മാർക്കറ്റും അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ നൂറുകോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി 224 കച്ചവടസ്ഥാപനങ്ങളാണ് താത്കാലിക സംവിധാനത്തിലേക്ക് മാറ്റിയത്. നിലവിലെ മാർക്കറ്റിനുസമീപമാണിത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.25 ഏക്കറിലാണ് സ്റ്റീൽ സ്ട്രക്ചറിൽ താത്കാലിക മാർക്കറ്റ് നിർമ്മിച്ചത്. അഞ്ചുകോടി രൂപയാണ് ചെലവ്.
വൈദ്യുതി, വെള്ളം, പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കച്ചവടക്കാരുടെ ആവശ്യത്തിനനുസരിച്ച് 95 ചതുരശ്രഅടിയും 42.5 ചതുരശ്രഅടിയും വിസ്തീർണമുള്ള കടകളും ഷട്ടറുള്ള അറുപതോളം കടകളുമാണുള്ളത്.
2003 വരെ സ്‌കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്. തർക്കം നിലനിന്ന ഭൂമി രണ്ടുവർഷത്തേക്ക് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് നൂറ്റാണ്ട് പഴക്കമുള്ള മാർക്കറ്റ് നവീകരിക്കാനുള്ള പദ്ധതിക്ക് വഴി തെളിഞ്ഞത്. സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും താത്കാലിക മാർക്കറ്റിലുണ്ട്.
മാർക്കറ്റ് സ്മാർട്ടാകും
പുതിയ മാർക്കറ്റ് കെട്ടിടത്തിന് 19,960 ചതുരശ്രമീറ്റർ വിസ്തീർണമാണുണ്ടാകുക. മാർക്കറ്റ് കോംപ്ലക്‌സിനും അനുബന്ധ സൗകര്യങ്ങളുടെ നിർമ്മാണത്തിനും 62 കോടി രൂപയാണ് ചെലവ്. മൊത്തം നാലു നിലകളുണ്ടാകും. നിലവിലുള്ള കച്ചവടക്കാരെ ആദ്യ രണ്ടുനിലകളിലായി പുനരധിവസിപ്പിക്കും. ഗ്രൗണ്ട്, ഒന്നാംനിലകളിലായി പച്ചക്കറി, പഴം വില്പനശാലകളും മീൻ, മാംസ മാർക്കറ്റുകളും പ്രവർത്തിക്കും.
കോർപ്പറേഷൻ ഓഫീസും
മൂന്നാംനില കോർപ്പറേഷനുള്ളതാണ്. ഇവിടെ ഓഫീസുകൾക്കും ഗോഡൗണുകൾക്കും സൗകര്യമൊരുക്കും. വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾക്കുപുറമെ മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങളും ഒരുക്കും. മാർക്കറ്റ് കോംപ്ലക്‌സിന്റെ ബേസ്‌മെന്റിലും സമീപത്തുമായി 150 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ബഹുനില പാർക്കിംഗ് സൗകര്യവുമുണ്ടാകും.
₹100 കോടി
മാർക്കറ്റും അനുബന്ധ സംവിധാനങ്ങളും ഒരുക്കാൻ നൂറുകോടിയോളം രൂപയാണ് ചെലവ്. മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി 224 കച്ചവടസ്ഥാപനങ്ങൾ താത്കാലിക സംവിധാനത്തിലേക്ക് മാറ്റി.