
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 26ന് പരിഗണിക്കാൻ മാറ്റി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവരുടെ അപ്പീലുകൾ ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ഡീസൽ നൽകുന്നതിനുള്ള കൊമേഴ്സ്യൽ കരാറിൽ ആർബിട്രേഷൻ വ്യവസ്ഥയുണ്ടെന്നും അതിനു നടപടിയെടുക്കാതെ കെ.എസ്.ആർ.ടി.സി ഹർജി നൽകിയത് നിലനിൽക്കില്ലെന്നും എണ്ണക്കമ്പനികൾക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ പരാഗ് പി. ത്രിപാഠി വ്യക്തമാക്കി. മറു വാദത്തിനായി സമയം വേണമെന്ന് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനാലാണ് അപ്പീലുകൾ മാറ്റിയത്.