കൊച്ചി: തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തയാൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവുമായി വീട്ടമ്മ. മലയാറ്റൂർ കാടപ്പാറ പാലച്ചുവിട്ടിൽ വീട്ടിൽ ഓമന സെന്നാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്.
ഈമാസം ആറിനാണ് പരാതിക്കാസ്പദമായ സംഭവം. മലയാറ്റൂർ പള്ളിയിൽ സന്നദ്ധസേവനമായി അടിച്ചുവാരിയും പ്രാർത്ഥനയുമൊക്കെയായി കഴിയുന്ന ഓമന ഭക്തിഗാന കാസറ്റുകൾ പുറത്തിറക്കി സ്വയം വില്പന നടത്തിയാണ് ജീവിക്കുന്നത്.
കഴിഞ്ഞവർഷം പ്രാർത്ഥനാ സംഗീതആൽബത്തിന്റെ ചിത്രീകരണത്തിന് മലയാറ്റൂർ പള്ളി അധികൃതർ ഓമനയ്ക്ക് അനുമതി നൽകിയിരുന്നു. ചിലർ ചേർന്ന് ഇതുമുടക്കി. മറ്റൊരിടത്ത് ചിത്രീകരണം പൂർത്തിയാക്കി ഓമന സി.ഡി പുറത്തിറക്കി വില്പനതുടർന്നു. ഇതിന്റെ വൈരാഗ്യത്തിന് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചയാളും കൂട്ടരും അന്ന് ഓമനയുടെ പേരും ഫോൺനമ്പറുമുൾപ്പെടെ അശ്ളീല വെബ്സൈറ്റുകളിൽ പ്രദർശിപ്പിച്ച് അപമാനിച്ചു. റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. തുടർന്നും പള്ളിയിൽ അടിച്ചുവരാനും സി.ഡി വില്പനയ്ക്കുമായി എത്തി.
ഏപ്രിൽ 6ന് അടിവാരത്ത് പ്രാർത്ഥിക്കുമ്പോൾ പ്രകോപനം കൂടാതെ തന്നെ ആക്രമിക്കുകയായിരുന്നെന്നും ഇതിന്റെ തെളിവ് കൈവശമുണ്ടെന്നും ഓമന പറഞ്ഞു. എട്ടിനാണ് പൊലീസിൽ പരാതി നൽകിയത്. ഇതിൽ യാതൊരു നടപടിയുണ്ടായില്ലെന്നാണ് ആരോപണം.