അങ്കമാലി : ഏപ്രിൽ 21 മുതൽ 23വരെ അങ്കമാലിയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 22ന് സി.എസ്.എ ഹാളിൽ നടക്കുന്ന പ്രതിനിധിസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി കൺവീനറും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ബിബിൻ വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

23ന് വൈകിട്ട് 25,​000 പേർ പങ്കെടുക്കുന്ന റാലിനടക്കും. തുടർന്ന് കിങ്ങിണി ഗ്രൗണ്ടിൽ പൊതുസമ്മേളനം സി.പി.എം പി.ബി. അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 21ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്ന പതാക, കൊടിമരം,​ ദീപശിഖ ജാഥകൾ വൈകിട്ട് സി.എസ്. എ ഹാളിൽ സമാപിക്കും.

സംഘാടക സമിതി ചെയർമാൻ കെ.കെ.ഷിബു പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രതിനിധി സമ്മേളനത്തിലും പൊതുസമ്മേളനത്തിലുമായി മന്ത്രി പി രാജീവ്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജെയ്ക് സി. തോമസ്, ഗ്രീഷ്മ അജയ്ഘോഷ്, പി.ബി. അനൂപ് എന്നിവർ പങ്കെടുക്കും. കെ.പി. റെജീഷ്, സച്ചിൻ കുരിയാക്കോസ്, റോജീസ് മുണ്ടപ്ലാക്കൽ, പി.യു. ജോമോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.