കൊച്ചി: കൊവിഡിന്റെ മറവിൽ നിറുത്തലാക്കിയ എറണാകുളം- കായംകുളം പാസഞ്ചർ ഉടൻ തിരിച്ചെത്തും. വൈകിട്ട് ആറിന് എറണാകുളത്തുനിന്ന് കായംകുളത്തേക്കും (56383) രാവിലെ 8.40ന് തിരിച്ചുമുള്ള (56380) ട്രെയിനുകൾ ഈ ആഴ്ച പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. എ.എം. ആരിഫ് എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി.മല്യയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

മറ്റു പാസഞ്ചർ ട്രെയിനുകളും ഉടൻ പുനരാരംഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി എ.എം.ആരിഫ് പറഞ്ഞു. ആയിരങ്ങളുടെ ആശ്രയമായിരുന്ന ട്രെയിൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാസഞ്ചർ അസോസിയേഷനുകൾ റെയിൽവേക്ക് നിരവധിവട്ടം നിവേദനങ്ങൾ നൽകിയിരുന്നു.

കൊല്ലം മെമുവും വേണം

രാവിലെ 7.45നുള്ള എറണാകുളം- കൊല്ലം മെമുവും പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ഇടസ്റ്റേഷനുകളുടെ പ്രവർത്തനവും അടിയന്തരമായി പുനരാരംഭിക്കണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആവശ്യപ്പെട്ടു. കുമ്പളം, വയലാർ, മാരാരിക്കുളം ഉൾപ്പെടെയുള്ള ഇടസ്റ്റേഷനുകൾ അടച്ചതോടെ നിരവധിപേരാണ് ദുരിതത്തിലായതെന്നും അദ്ദേഹം പറഞ്ഞു.