
കളമശേരി: അടച്ചുപൂട്ടൽ ഭീഷണിയിലായ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് 3.30ന് കേന്ദ്രീയ വിദ്യാലയ ഡെപ്യൂട്ടി കമ്മിഷണർ ആർ.സെന്തിൽകുമാർ, അസിസ്റ്റന്റ് കമ്മിഷണർ എൻ.സന്തോഷ് കുമാർ, പ്രിൻസിപ്പൽ ആർ.സുരേന്ദ്രൻ എന്നിവർ മുന്നറിയിപ്പില്ലാതെ സന്ദർശനം നടത്തി. സൗകര്യങ്ങളുണ്ടോയെന്ന് വിലയിരുത്തുകയായിരുന്നു ഉദ്ദേശം.
ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ഫാക്ട് മാനേജ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. കളക്ടർ ജാഫർ മാലിക് കഴിഞ്ഞയാഴ്ച ആദ്യവട്ട പരിശോധന നടത്തി, സ്കൂൾ ജീവനക്കാരുടെ പരാതി കേട്ടിരുന്നു. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കൊടുക്കണം. ഒരു രൂപ പാട്ടത്തിൽ 99 വർഷത്തെ കാലാവധി വേണം എന്നിങ്ങനെ കേന്ദ്രീയ വിദ്യാലയം ഏറ്റെടുക്കാൻ കടമ്പകൾ ഏറെയാണ്.
60 കുട്ടികൾക്ക് 500 ചതുരശ്രഅടി ക്ലാസ് റൂം വേണം. നിലവിൽ 400 ചതുരശ്രഅടിയാണുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മന്ത്രിയും സ്കൂൾ ഭരണസമിതി രക്ഷാധികാരിയുമായ ഇബ്രാഹിംകുഞ്ഞ് എന്നിവർക്ക് അദ്ധ്യാപക രക്ഷാകർതൃ സംഘടന ഇന്ന് നിവേദനം നൽകും. നാളെ ഉച്ചയ്ക്ക് 12ന് പി.ടി.എ മീറ്റിംഗ് വിളിച്ചിട്ടുണ്ട്.