മൂവാറ്റുപുഴ: കടഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജാർബിക് ജെയിംസ് (38), പേഴക്കാപ്പള്ളി പുന്നേപ്പടി കോട്ടുങ്കൽ വീട്ടിൽ അബ്ദുള്ള (44), ഐരാപുരം കുന്നക്കുരുടി കാഞ്ഞിരത്തുംകൂഴിയിൽ ഡിനിൽ (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മൂവാറ്റുപുഴ ഐ.ടി.ആർ ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന തൊടുപുഴ സ്വദേശി നിസാമുദ്ദീനെയാണ് ആക്രമിച്ചത്. പ്രതികൾ വിഷുദിവസം കടയുടെ മുമ്പിൽ പടക്കം പൊട്ടിച്ചത് നിസാമുദ്ദീൻ ചോദ്യംചെയ്തിരുന്നു. കടയിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം നിസാമുദ്ദീനെ ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച കടയിലെ തൊഴിലാളിയെയും ഇവർ ആക്രമിച്ചു. ഇൻസ്പെക്ടർ എം.കെ. സജീവ്, എസ്.ഐ. ബഷീർ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.