മൂവാറ്റുപുഴ: ഇ.ഇ.സി മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. റോഡിന്റെ ഇരുവശങ്ങളും ടാർ മിക്‌സിംഗ് യന്ത്രങ്ങളും പൊളിക്കാനുള്ള വാഹനങ്ങളും നാഷണൽ പെർമിറ്റ് ലോറികളും അടക്കം വാഹനങ്ങൾ കൈയടക്കിയതോടെ ബൈപ്പാസ് റോഡിലൂടെയുള്ള യാത്ര ദുസഹമായി. നഗരത്തിലെ തിരക്കുകൾ ഒഴിവാക്കി കടന്നു പോകാൻ കോതമംഗലം ഭാഗത്തുനിന്നും എറണാകുളം, പെരുമ്പാവൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഇ.ഇ.സി മാർക്കറ്റ് - ബൈപ്പാസ് റോഡിനെയാണ്. ഇവിടെ അനധികൃത പാർക്കിംഗ് വ്യാപകമായിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കരാറുകാരുടെ ടാർ മിക്‌സിംഗ് യന്ത്രം റോഡരികിൽ കൊണ്ടുവന്ന് തള്ളിയിട്ട് മാസങ്ങളായി. ഇതിൽ രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അടക്കം വന്നിടിച്ച് അപകടമുണ്ടാകുന്നത് പതിവായി. വിവിധ പ്രദേശങ്ങളിൽ ലോഡ് കയറ്റുന്നതിനായി എത്തുന്ന ലോറികളുടെയും പാർക്കിംഗ് കേന്ദ്രമായി ബൈപ്പാസ് റോഡാണ് ഉപയോഗിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ ജോലിക്കെത്തുന്നവരുടെ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രവും ഈറോഡാണ്. ഇതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും ഇവിടെ തുടർക്കഥയായി.
റോഡിലെ അനധികൃത പാക്കിംഗ് മൂലം ഏറ്റവും ദുരിതമനുഭവിക്കുന്നത് കാൽനടയാത്രക്കാരാണ്. റോഡിന്റെ ഇരുസൈഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.