പറവൂർ: വിദ്യാഭ്യാസരംഗത്ത് വന്നിട്ടുള്ള മാറ്റങ്ങൾ മനസ്സിലാക്കാൻ അദ്ധ്യാപകരേയും മാതാപിതാക്കളേയും കുട്ടികളേയും പ്രാപ്തരാക്കുന്നതിനായുള്ള പറവൂർ എഡ്യൂഫെസ്റ്റ് നാളെ (വ്യാഴം) ആരംഭിക്കും. ചേന്ദമംഗലം കവലയിലുള്ള ശുഭകിരൺ അക്കാഡമിയിൽ രാവിലെ പതിനൊന്നിന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. മേയ് 20ന് സമാപിക്കും. പറവൂർ നഗരസഭയുടെ സഹകരണത്തോടെ സ്പാർക്ക് എഡ്യൂക്കേഷനും ശുഭകിരൺ അക്കാഡമിയും ചേർന്നാണ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ - മാനസിക- ആരോഗ്യ വിദഗ്ദ്ധരും സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖരും വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കം. പുതിയ വിദ്യാഭ്യാസനയം, കേരള പൊലീസ് നിയമവും നിയമ പരിപാലനവും, മൊബൈൽഫോൺ അഡിക്ഷൻ എങ്ങനെ ഒഴിവാക്കാം, പ്രകൃതി ദുരന്ത നിവാരണ രക്ഷാപ്രവർത്തനം, സ്വയംരക്ഷാ പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ ഓരോ ദിവസവും സെമിനാറും സംവാദവും നടക്കും.