h
രായമംഗലം ഗ്രാമപഞ്ചായത്തിലെ സഞ്ചരിക്കുന്ന ആശുപത്രി .

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടക്കംകുറിച്ച സഞ്ചരിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം വിജയഗാഥ രചിക്കുകയാണ്. കാെവിഡ് കാലത്ത് ഇതര ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടവർ ആശുപത്രിയിലേക്കെത്താൻ പ്രയാസപ്പെട്ടപ്പോൾ അതിന് പരിഹാരമെന്ന നിലയിൽ ആരംഭിച്ച സംവിധാനമാണ് ഇത്. വാതിൽപ്പടി സേവനരംഗത്തേക്ക് ആരോഗ്യമേഖലയേയും എത്തിക്കുക എന്ന ആശയത്തിലാണ് പദ്ധതി നടത്തിപ്പ്. പഞ്ചായത്തിൽ പൊതുവേ മിക്കയിടങ്ങളിലും ബസ് സർവീസ് കുറവാണ്. അതിനാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ നേരിട്ടെത്തി ചികിത്സതേടുക എന്നത് പാവപ്പെട്ടവരെയും പ്രായമായവരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് മനസിലാക്കി പഞ്ചായത്തിലെ 20 വാർഡുകളിലായി 31 കേന്ദ്രങ്ങളിലാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ലഭ്യമാക്കുന്നത്. വയോജനങ്ങൾക്ക് മുൻഗണന കൊടുത്തു കൊണ്ടുള്ള പദ്ധതിയാണെങ്കിലും പ്രായഭേദമെന്യേ സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം.

 ഒരു കേന്ദ്രത്തിൽ ഒരുമണിക്കൂർവരെ സേവനം

സഞ്ചരിക്കുന്ന ആശുപത്രി രണ്ടാഴ്ചയിൽ ഒരിക്കൽ ഓരോകേന്ദ്രത്തിലും എത്തും. ഒരു കേന്ദ്രത്തിൽ ഒരുമണിക്കൂർവരെ സേവനം ഉണ്ടാകും. ഡോക്ടറും നഴ്‌സും ഡ്രൈവറും അടങ്ങുന്നതാണ് ടീം. അത്യാവശ്യം വേണ്ട എല്ലാ മരുന്നുകളും ഉണ്ടാകും. ജീവിതശൈലീ രോഗങ്ങൾക്ക് തുടർച്ചയായി കഴിക്കുന്ന മരുന്നുകൾ വാങ്ങാൻ അത്തരം രോഗികൾക്ക് രണ്ടാഴ്ചയിൽ ഒരിക്കൽ സഞ്ചരിക്കുന്ന ആശുപത്രിയിൽ എത്തിയാൽ മതി.

അങ്കണവാടികളാണ് പ്രധാനമായും സഞ്ചരിക്കുന്ന ആശുപത്രിയുടെ കേന്ദ്രങ്ങൾ. അതാതു പ്രദേശത്തെ വാർഡ് മെമ്പർമാർ, ആശാ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഓരോ കേന്ദ്രത്തിലും 15 മുതൽ 30 പേർക്ക് വരെ സേവനം പ്രയോജനപ്പെടുത്താം. നിലവിൽ പഞ്ചായത്തിന്റെ ആംബുലൻസാണ് സഞ്ചരിക്കുന്ന ആശുപത്രിയായി ഉപയോഗിക്കുന്നത്. വൈകാതെ ഈ പദ്ധതിക്കായി മാത്രം വാഹനം ലഭ്യമാക്കും. ഇതിനായി സി.എസ്.ആർ ഫണ്ട് വഴി അഞ്ച് ലക്ഷംരൂപ കിട്ടിയിട്ടുണ്ട്. എറണാകുളത്തുള്ള പ്രണവം ചാരിറ്റബിൾ ട്രസ്റ്റാണ് വാഹനത്തിനായി തുക സംഭാവന ചെയ്തിട്ടുള്ളത്.


പദ്ധതി ആരംഭിച്ചിട്ട് മൂന്നുമാസം പിന്നിട്ടു. ഏകദേശം മൂന്നുലക്ഷം രൂപയോളം ചെലവായി. നടപ്പ് സാമ്പത്തിക വർഷത്തിൽ 15 ലക്ഷം രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കും.

എൻ.പി അജയകുമാർ ,

പ്രസിഡന്റ്, രായമംഗലം ഗ്രാമപഞ്ചായത്ത്‌